ഗെയിൽ: ഒരു വീടും പൊളിക്കില്ല –അധികൃതർ
text_fieldsമലപ്പുറം: ഗെയിൽ വാതക പൈപ്ലൈൻ പദ്ധതിക്കായി വീടോ, കെട്ടിടങ്ങളോ പൊളിച്ചു നീക്കുകയില്ലെന്നും മതിയായ നഷ്ടപരിഹാരം നൽകുമെന്നും ഗെയിൽ ഉദ്യോഗസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ഏത് ആശങ്കകളും പരിഹരിക്കാൻ സന്നദ്ധരാണ്. എറണാകുളം, തൃശൂർ ജില്ലയിൽ പദ്ധതി ഏറെക്കുറെ പൂർത്തിയായി. ഇൗ ജില്ലകളിലൊന്നും ഒരു കെട്ടിടം പോലും പൊളിച്ചിട്ടില്ല.
മലപ്പുറം ജില്ലയിൽ കാട്ടിപ്പരുത്തി, ഇരിമ്പിളിയം, വളാഞ്ചേരി, എടയൂർ, മാറാക്കര, പൊന്മള എന്നീ വില്ലേജുകളിലായി 28 കി.മീ സർവേ പൂർത്തിയായി. ഇത്രയും ദൂര പരിധിയിൽ ഒരു കെട്ടിടം പോലും പൊളിച്ചു നീക്കേണ്ടി വരുന്നില്ല. ഇനി ബാക്കിയുള്ള ഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിക്കാതെയാണ് പദ്ധതി നടപ്പാക്കുക. 20 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗത്ത് വീടുണ്ടെങ്കിൽ ഏറ്റെടുക്കുന്ന സ്ഥലം മൂന്നു മീറ്റർ വരെ ചുരുക്കി കെട്ടിടം ഒഴിവാക്കും.
ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വിലയുടെ 75 ശതമാനം നഷ്ടപരിഹാരമായി നൽകും. ഇതിന് പുറമെ പദ്ധതിക്കായി മുറിച്ചു മാറ്റുന്ന മരങ്ങൾക്കും വിളകൾക്കും വെവ്വേറെ നഷ്ടപരിഹാരം നൽകും. പൈപ്ലൈൻ സ്ഥാപിച്ച എറണാകുളം, തൃശൂർ ജില്ലകളിലായി ഏറ്റെടുത്ത ഭൂമിക്ക് 1,41,07,295 രൂപ ഇതുവരെയായി ഉടമകൾക്ക് വിതരണം ചെയ്തു.
വിളകൾക്കും മരങ്ങൾക്കും വേറെയും നൽകിയിട്ടുണ്ട്. ഇനിയും ചിലയിടങ്ങളിൽ തുക വിതരണം ചെയ്യാനുണ്ട്.
ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ല. എല്ലാ ഉടമകൾക്കും കൃത്യമായി അറിയിപ്പ് നൽകിയിട്ടുണ്ട്. ഗെയിൽ വിരുദ്ധ സമര സമിതിക്ക് ഹിഡൻ അജണ്ടകളുണ്ടെന്ന് അവർ ആരോപിച്ചു.
വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പദ്ധതിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഭൂവുടമകളെ തെറ്റിദ്ധരിപ്പിക്കുന്നത് പുറത്തു നിന്നുള്ളവരാണ്.
സമരസമിതിയിലുള്ളവർ ഭൂമി നഷ്ടപ്പെടുന്നവർ പോലുമല്ലെന്നും അവർ കുറ്റപ്പെടുത്തി. പഴുതടച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പൈപ്പ് ഇടുന്നത്. താരതമ്യേന അപകടം കുറഞ്ഞ പ്രകൃതി വാതകമാണ് ഇതിലൂടെ കൊണ്ടുപോകുന്നത്. വീടുകളിൽ പൈപ്പ് വഴി പാചക വാതകമെത്തിക്കുന്ന പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ഗെയിൽ ചീഫ് മാനേജർ എൻ.എസ്. പ്രസാദ്, മാനേജർ ഷൺമുഖം പിള്ള, പബ്ലിക് റിേലഷൻ മേധാവി രേവതി എസ്. വർമ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.