ഗെയിൽ: പ്രക്ഷോഭം ശക്തമാക്കി സമരസമിതി
text_fieldsനെല്ലിക്കാപറമ്പ് (കോഴിക്കോട്): ഗെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി ജനകീയ സമരസമിതി. വാതക പെപ്പ്ലൈനിനായി നിർമാണപ്രവർത്തനം നടത്തുന്ന നെല്ലിക്കാപറമ്പിലെ ഭൂമിയിലേക്ക് നടത്തിയ മാർച്ചിലും ജനകീയ പ്രതിരോധത്തിലും സ്ത്രീകളുൾപ്പെടെ നിരവധിപേർ അണിനിരന്നു. ശക്തമായ പൊലീസ് സന്നാഹങ്ങളെ വകവെക്കാതെ ആവേശത്തോടെ അണിനിരന്ന പ്രവർത്തകർ ഇൗ ജീവൽസമരം വിജയത്തിലെത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി 80 ദിവസമായി സമരത്തിലാണ്. സമരത്തിനു നേരെ കഴിഞ്ഞമാസമുണ്ടായ പൊലീസ് അതിക്രമം കാരണം സമരം സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും നിരവധിപേർ ജയിലിലടക്കപ്പെടുകയുമുണ്ടായി. തുടർന്ന് കനത്ത പൊലീസ് സംരക്ഷണത്തിൽ ഗെയിൽ നിർമാണപ്രവൃത്തി നടന്നുവരുകയായിരുന്നു.
ഇൗ കാലയളവിൽ പ്രക്ഷോഭ പരിപാടികൾ ശൈലി മാറ്റിയാണ് നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന സമരസമിതി യോഗം പ്രക്ഷോഭം ശക്തമാക്കാനും ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ഗെയിലിെൻറ പ്രവൃത്തി തടയാനും തീരുമാനമെടുത്തു. ഇതിെൻറ ഭാഗമായാണ് നിർമാണസ്ഥലത്തേക്ക് ചൊവ്വാഴ്ച മാർച്ച് നടത്തിയത്. മാർച്ച് നിർമാണസ്ഥലത്തിന് സമീപം പൊലീസ് തടഞ്ഞു. സമരക്കാരെ പ്രതിരോധിക്കാൻ സർവായുധ സന്നാഹങ്ങളുമായാണ് പൊലീസ് നിലകൊണ്ടത്.
ജില്ല പൊലീസ് മേധാവി പുഷ്കരെൻറയും ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫിെൻറയും നേതൃത്വത്തിൽ സമരക്കാർക്ക് മുന്നിൽ കനത്ത പൊലീസ് ബന്തവസ് സൃഷ്ടിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച ഗെയിൽ നിർമാണപ്രവൃത്തി നിർത്തിെവച്ച് കമ്പനിയുടെ സാധനങ്ങളും വാഹനങ്ങളും മാറ്റിയിരുന്നു. മാർച്ചിന് എം.െഎ. ഷാനവാസ് എം.പി, എം.എൽ.എമാരായ കെ.എം. ഷാജി, എ.പി. അനിൽ കുമാർ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് സി.ആർ. നീലകണ്ഠൻ, സമരസമിതി രക്ഷാധികാരി സി.പി. ചെറിയ മുഹമ്മദ്, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, എസ്.ഡി.പി.െഎ ദേശീയ കമ്മിറ്റി അംഗം പി. അബ്ദുൽ ഹമീദ്, ജെ.ഡി.യു മലപ്പുറം ജില്ല പ്രസിഡൻറ് സബാഹ് പുൽപറ്റ, സി.കെ. കാസിം, അസ്ലം ചെറുവാടി, കെ.സി. അൻവർ, മുസ്തഫ കൊമ്മേരി, ബഷീർ പുതിയോട്ടിൽ, ബേബി റൈഹാന, കെ.ടി. മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിരോധസംഗമം എം.െഎ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.