ഗെയിൽ വിരുദ്ധ സമരം തുടരും -സമരസമിതി
text_fieldsകോഴിക്കോട്: നീതി ലഭിക്കുന്നതുവരെ സമാധാനപരമായി സമരവുമായി മുന്നോട്ടുപോകാൻ എരഞ്ഞിമാവിൽ ചേർന്ന ഗെയിൽ വിരുദ്ധ ജനകീയ സമരനേതാക്കളുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങൾ സർക്കാറിൽ നിന്നുള്ള നല്ല സമീപനവും തുടക്കവുമായി യോഗം വിലയിരുത്തി. അതേസമയം അടിസ്ഥാന കാര്യങ്ങളായ അലൈൻമെൻറ് മാറ്റുന്നതിലും മാർക്കറ്റ് വിലയുടെ നാലിരട്ടി ഇരകൾക്ക് നൽകുന്ന വിഷയത്തിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾതന്നെ എങ്ങനെ നടപ്പാക്കുന്നുവെന്ന് നിരീക്ഷിക്കും. അതോടൊപ്പം കീഴുപറമ്പ്, അരീക്കോട്, കാവനൂർ, കിഴിശ്ശേരി എന്നിവിടങ്ങളിൽ ഇരകളുടെ സംഗമവും കോഴിക്കോട്ട് ഇൗമാസം 18ന് ഏഴു ജില്ലകളിലെ സമരസമിതികളുടെ കൂട്ടായ്‌മയും ഉണ്ടാവും. സമാധാനപരമായ പ്രതിഷേധമാണ് ഇവിടെയും നടക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലുണ്ടായ തീരുമാനങ്ങൾ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച ചേർന്ന യോഗത്തിൽ സമരം തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. പത്തുസെന്‍റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നൽകാനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.