ഗെയില്‍ പദ്ധതി: ഹൈകോടതി സ്റ്റേ ലംഘിച്ച് മലബാറില്‍ സര്‍വേ നടത്താന്‍ നീക്കം
text_fieldsതൃശൂര്‍: വിജ്ഞാപനം ചെയ്യാത്ത ഭൂമി ഏറ്റെടുക്കാന്‍ സര്‍വേ നടത്താന്‍ പടില്ളെന്ന ഹൈകോടതിയുടെ ഉത്തരവ് അവഗണിച്ച് മലബാര്‍ ഭാഗത്ത് കൊച്ചി - കൂറ്റനാട് - മംഗലാപുരം - ബംഗളൂരു വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്താന്‍ ഗെയിലിന്‍െറ നീക്കം. വിജ്ഞാപനം ചെയ്ത ഭൂമിയിലല്ല പദ്ധതിക്കായി ഗെയില്‍ സര്‍വേ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ ഏഴുപേര്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞമാസം ഹൈകോടതി ഉത്തവരിട്ടത്. സര്‍വേ നടപടികള്‍ക്ക് സ്റ്റേയും കൊടുത്തു. ഗെയില്‍ പദ്ധതിക്കെതിരായ ഹൈകോടതിയുടെ ആദ്യ വിധിയാണിത്. ഇത് ലംഘിച്ച് ചൊവ്വാഴ്ച താമരശേരിയില്‍ സര്‍വേ ആരംഭിക്കാനാണ് ഗെയിലിന്‍െറ ശ്രമം. ശനിയാഴ്ച വൈകീട്ട് താമരശേരി പഞ്ചായത്ത് ഓഫിസില്‍ ഇതിന്‍െറ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിജ്ഞാപനം നടത്തിയ സര്‍വേയില്‍ തന്നെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഇതിന് ഗെയിലിന്‍െറ ന്യായം. സംസ്ഥാന സര്‍ക്കാറിന്‍െറ പിന്തുണയോടെയാണ് ഗെയില്‍ കോടതിയലക്ഷ്യത്തിന് രംഗത്തുവരുന്നത്. സ്റ്റേ നീക്കുന്നതിന് അപേക്ഷ നല്‍കാതിരുന്നതും ഇതിനുവേണ്ടിയാണെന്ന ആക്ഷേപമുണ്ട്. കൃത്യമായി ലഭിച്ച നിയമോപദേശത്തിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. താമരശേരി പഞ്ചായത്തില്‍ അഞ്ചുകിലോമീറ്ററില്‍ സര്‍വേ പൂര്‍ത്തിയായാല്‍ കോഴിക്കോട് ജില്ലയിലെ ബാക്കിഭാഗങ്ങളിലേക്കും മലപ്പുറം ജില്ലയിലും സര്‍വേയുമായി മുന്നോട്ടുപോകാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിജ്ഞാപനം നടത്തിയശേഷം വ്യാജരേഖകള്‍ ചമച്ചാണ് സര്‍വേ നടത്തി ഭൂമി ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ഈ ജില്ലകളിലെ ജനവും നിയമനടപടികളുമായി രംഗത്തുവന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലുമാവുമെന്ന തിരിച്ചറിവാണ് സ്റ്റേ ലംഘിച്ചും മുന്നോട്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
അതിനിടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച ജില്ലകളില്‍ പൈപ്പ് നിക്ഷേപിക്കുന്നതിന് നേരത്തെ ഗെയില്‍ പൊലീസ് സംരക്ഷണം തേടിയിരുന്നു. പൈപ്പ് വിന്യസിക്കുന്നതോടെ മലപ്പുറം,കോഴിക്കോട് ജില്ലകള്‍ തടസ്സം നല്‍കുന്നുവെന്ന നിലപാട് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ പദ്ധതിക്കെതിരെ തമിഴ്നാട് ഹൈകോടതി രംഗത്തുവന്നിരുന്നു.നിലവില്‍ കര്‍ണാടകയില്‍ മാത്രമാണ് അനുകൂല സാഹചര്യമുള്ളത്.
പ്രതികൂല സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിച്ച ഗെയില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ ഏറിയതോടെയാണ് വീണ്ടും സജീവമായത്. ഭൂമി കൃത്യമായി രേഖപ്പെടുത്താത്ത ഗെയിലിന്‍െറ നടപടിയില്‍ റവന്യൂവകുപ്പിനും അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.