ഗെയിൽ സമരം: നാളെ ജനകീയ മാർച്ച്
text_fieldsകോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന മുക്കം എരഞ്ഞിമാവിലേക്ക് ചൊവ്വാഴ്ച ജനകീയ മാര്‍ച്ച് നടത്താൻ സംസ്ഥാനതല സമരസമിതി തീരുമാനം. പ്രവൃത്തി നടക്കുന്ന നെല്ലിക്കാപറമ്പിലെ സൈറ്റിലേക്ക് രാവിലെ ഒമ്പതിന് നടക്കുന്ന മാര്‍ച്ചിൽ പാര്‍ലമെൻറ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുള്ളവര്‍ പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ഐ. ഷാനവാസ് എം.പി, കെ.എം. ഷാജി എം.എൽ.എ എന്നിവര്‍ നേതൃത്വം നല്‍കും. പദ്ധതി പ്രദേശത്ത് നടക്കുന്ന പൈപ്പിടല്‍ പ്രവൃത്തി തടയും.
വ്യവസായ മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമാനങ്ങളൊന്നും നടപ്പായില്ല. പത്ത് സെൻറ് ഭൂമിയുള്ളവർക്ക് പത്ത് ലക്ഷം നൽകുമെന്ന ഉറപ്പും പാലിച്ചില്ല. ഏതാനും ചിലർക്ക് ചെക്ക് കൊടുത്ത് നാടകം കളിക്കുകയാണ്. അഞ്ച് സെൻറിെൻറയും പത്ത് സെൻറിെൻറയും കാര്യം പറഞ്ഞവർ 12ഉം 15ഉം സെൻറ് ഭൂമിയുള്ളവരുടെ കാര്യം പറഞ്ഞില്ല. എന്നാൽ, ക്രഷറുകൾക്ക് വേണ്ടി അലൈൻമെൻറ് മാറ്റാനും അധികൃതർ തയാറായി. ഇപ്പോഴും ഒരു കടലാസ് പോലും നൽകാതെ സർവേയും മറ്റ് നടപടികളും നിർബാധം തുടരുകയാണ്. പൊലീസിനെ കയറൂരിവിട്ട് സമരം പൊളിക്കാനാണ് ശ്രമിക്കുന്നത്. െപാലീസിന് മോക്ഡ്രില്ലും മറ്റ് പരിശീലനവും നൽകുന്നത് ആരെ പേടിപ്പിക്കാനാണെന്ന് വ്യക്തമാക്കണം. ജനുവരി ആദ്യവാരത്തിൽ കോഴിക്കോട് സെമിനാർ നടത്താനും മലബാർ ചേംബർ ഹാളിൽ ചേർന്ന സംസ്ഥാനതല സമര സമിതി യോഗം തീരുമാനിച്ചു.
വാർത്താസമ്മേളനത്തിൽ സമരസമിതി നേതാക്കളായ സി.പി. ചെറിയ മുഹമ്മദ്, അസ്ലം ചെറുവാടി, റൈഹാൻ ബേബി, നിജേഷ് അരവിന്ദ്, അബ്ദുൽ ജബ്ബാർ സഖാഫി, സബാഹ് പുൽപറ്റ, ബാവ പൂക്കോട്ടൂർ, എം.കെ. അശ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.