ഗെയിൽ പദ്ധതി എതിർക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘങ്ങൾ- സി.പി.എം
text_fieldsകോഴിക്കോട്: ഗെയിൽ വിരുദ്ധ സമരത്തിെൻറ മറവിൽ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘർഷം പടർത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. നിർദിഷ്ട കൊച്ചി- ബംഗളൂരു വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണ്.
കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേർന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. കുഴപ്പമുണ്ടായപ്പോൾ അക്രമികളായ തീവ്രവാദ സംഘടനയിൽപെട്ടവർ രക്ഷപ്പെടുകയും ഇതിൽ പങ്കാളികളായ നാട്ടുകാർ പൊലീസ് പിടിയിലാവുകയുമാണുണ്ടായത്. ഗെയിലിെൻറ ഉദ്യോഗസ്ഥരെ മർദിച്ചവരെ പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ ഉപരോധം സൃഷ്ടിക്കാൻ ശ്രമിച്ചതും പോപുലർഫ്രണ്ട് ഉൾപ്പെടെ തീവ്രവാദസംഘങ്ങളുടെ നേതാക്കളാണ്.
കേരളത്തിെൻറ ഉൗർജ്ജവികസനരംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം യു.ഡി.എഫും കോൺഗ്രസ്- ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയെന്നത് ഗൗരവമായി ജനാധിപത്യമതനിരപേക്ഷ ശക്തികൾ കാണണം. എം.ഐ. ഷാനവാസിനെപോലുള്ള ജനപ്രതിനിധി തീവ്രവാദി സംഘത്തോടൊപ്പം ചേർന്ന് അക്രമം പടർത്താനാണ് ശ്രമിച്ചത്.
കേരളത്തിെൻറ സാമ്പത്തികവളർച്ചക്കും വളരെയധികം സഹായകരമാകുന്ന പദ്ധതിയെ എതിർക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘങ്ങളാണ്. ഗെയിൽവാതക പൈപ്പ്ലൈൻ പദ്ധതി വന്നുകഴിഞ്ഞാൽ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കർ ലോറി ഉടമകളാണ് സമരം കുത്തിപ്പൊക്കുന്നതിന് പിറകിൽ. മതതീവ്രവാദികളുടെയും നിക്ഷിപ്തതാൽപര്യക്കാരുടെയും നീക്കങ്ങൾ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.