കേരളത്തിനകത്തുണ്ട് കർണാടകം; ഒരു വാർഡിൽ ഒന്നിലധികം പേർക്ക് ജയിക്കാം
text_fieldsകാസർകോട്: കേരളത്തിനകത്തുണ്ട് ഒരു കർണാടകം. നിറയെ മലയാളികളുള്ളയിടം. കാസർകോടുനിന്ന് സുള്ള്യക്ക് പോകുന്ന സംസ്ഥാന പാതയിലെ ഗാളിമുഖം കേരളത്തിനകത്തെ കർണാടകയാണ്. പുതുച്ചേരിക്ക് മാഹിപോലെ.
ചെർക്കള-ജാൽസൂർ സംസ്ഥാന പാതയിൽ കാറഡുക്ക പഞ്ചായത്തിനും ദേലംപാടി പഞ്ചായത്തിനുമിടയിൽ ഒന്നര കിലോമീറ്റർ നീളത്തിലാണ് ഗാളിമുഖത്തിെൻറ കിടപ്പ്. കർണാടക അതിർത്തിയിൽ നിന്ന് രണ്ടു കിലോമീറ്റർ കേരളത്തിനകത്തേക്ക് കയറിവരുന്ന പ്രദേശം.
മാഹിയെ പോലെ ഗാളിമുഖത്തെ കേരളം വളയുന്നില്ല. കർണാടകത്തിലെ െനട്ടണിഗെ മുഡ്നൂർ ഗ്രാമ പഞ്ചായത്തിലെ ഗാളിമുഖം വാർഡാണ് കേരളത്തിലെ ഈ 'ഉപദ്വീപ്'. കോവിഡ് കാരണം കർണാടക തദ്ദേശ തെരഞ്ഞെടുപ്പ് ഹൈകോടതി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മേയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ജനുവരിയിൽ നടത്താമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നതെന്ന് മുൻ വാർഡ് അംഗം അഷ്റഫ് കൊട്ടിയാടി പറയുന്നു.
1500 ഒാളമാണ് ഗാളിമുഖം വാർഡിലെ ജനസംഖ്യ. ആയിരം വോട്ടർമാരാണുള്ളത്. 80 ശതമാനത്തിലധികം മലയാളികളാണ്. കന്നഡ സംസാരിക്കുന്നവരിൽ ബണ്ട്സുമാരാണ് ഏറെയും. കേരളത്തിലെ പഞ്ചായത്തിരാജ് ആക്ട് കർണാടകത്തിൽ പൂർണമായി നടപ്പായിട്ടില്ലെന്ന് അഷ്റഫ് പറയുന്നു.
'ഇവിടെ മണ്ഡൽ പഞ്ചായത്ത് സംവിധാനമാണ്. രാമകൃഷ്ണ ഹെഗ്ഡേ മുഖ്യമന്ത്രിയായ സമയത്താണ് മണ്ഡൽ പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത്. ഒരുവാർഡിൽ എത്ര ജനസംഖ്യയുണ്ടോ അതിെൻറ ആനുപാതികമായ മെംബർമാരെ ജയിപ്പിച്ചെടുക്കാം. 250 പേർക്ക് ഒരാൾ എന്ന നിലക്കാണ് തെരഞ്ഞെടുക്കുക. ഗാളിമുഖയിൽ നാല് മെംബർമാർക്ക് ജയിക്കാം -അഷ്റഫ് പറഞ്ഞു.
2015ൽ മെംബർമാരായവരിൽ ഒരാളാണ് അബ്ദുല്ല കർണൂർ. അബ്ദുൽ റസാഖ്, അഷ്റഫ് കൊട്ടിയാടി എന്നിവർ മുഡ്നൂർ പഞ്ചായത്തിൽ അംഗങ്ങളായ മലയാളികളാണ്.
'കേരളത്തിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പ് വാഹനങ്ങൾ ഗാളിമുഖ വഴി ദേലംപാടിയിലേക്കും തിരിച്ചും കടന്നുപോകുന്നു. വാഹനങ്ങളിൽ നിന്നും അനൗൺസ്മെൻറുകൾ കേൾക്കാം. ഒന്നര കിലോമീറ്റർ നീളത്തിൽ വോട്ടർമാർ ഒന്നുമില്ലെങ്കിലും മലയാളികളായ ഞങ്ങൾക്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നും ആവേശവും കൗതുകവുമാണ് -അഷ്റഫ് കൊട്ടിയാടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.