Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right82​ന്‍റെ നിറവിൽ ഗന്ധർവ...

82​ന്‍റെ നിറവിൽ ഗന്ധർവ ഗായകൻ; യേശുദാസിന് ഇന്ന് പിറന്നാൾ

text_fields
bookmark_border
82​ന്‍റെ നിറവിൽ ഗന്ധർവ ഗായകൻ; യേശുദാസിന് ഇന്ന് പിറന്നാൾ
cancel

സംഗീതം ഇഴചേർന്ന ജീവിതത്തി​ന്‍റെ 82 ആണ്ടുകൾ പൂർത്തിയാക്കി മലയാളത്തി​ന്‍റെ ഈണം യേശുദാസിന് ഇന്ന് പിറന്നാൾ. ജീവിത ചക്രത്തിലെ 83ാം വർഷത്തിലേക്ക് കടക്കുമ്പോഴും ഗന്ധർവനാദത്തിന് മധുരം ഏറുന്നതേയുള്ളു.

'ജാതിഭേദം, മതദ്വേഷം/

ഏതുമില്ലാതെ സർവരും/

സോദരത്വേന വാഴുന്ന/

മാതൃകാസ്​ഥാനമാണിത്...'

1961 നവംബർ 14ന്​ ഈ ​ശ്രീനാരായണശ്ലോകം ആലേഖനം​ ചെയ്യപ്പെട്ടത്​ അന്നത്തെ മദിരാശി ഭരണി സ്​റ്റുഡിയോയിലെ ടേപ്പിൽ മാത്രമല്ല, പല തലമുറകളിലെ മലയാളികളുടെ ഹൃദയത്തിലുമാണ്​. ആറു പതിറ്റാണ്ടായി മലയാളിയുടെ കാതിൽ തേന്മഴയായി പെയ്​തിറങ്ങുന്ന രാഗമാധുര്യത്തിന്‍റെ ആദ്യ ചലച്ചിത്രഗാന റെക്കോഡിങ്ങായിരുന്നു അത്​​.



ഓരോ മലയാളിയുടെയും ചോരയിൽ ഓരോ കാലങ്ങളിൽ പടർന്ന വികാരത്തിെൻറ പേരായി യേശുദാസ്​ എന്ന നാലക്ഷരം മാറിയതിന്‍റെ തുടക്കം. എക്കാലത്തും ​പ്രസക്തമായ മതസമഭാവനയുടെ സ​ന്ദേശം പാടി കേരളത്തിന്​ ശുദ്ധസംഗീതം സമ്മാനിച്ച ഗന്ധർവ നാദത്തിന്​ ഇന്നും അതേ ചെറുപ്പം.

ദൈവം ശ്രുതിയിട്ട സപ്​തസ്വരങ്ങൾ തൊണ്ടയിലൊളിപ്പിച്ച്​ 1961 ജൂണിലൊരു നാളിലാണ്,​ 21ാം വയസ്സിൽ ടാക്സി ഡ്രൈവര്‍ മത്തായിച്ചേട്ടനിൽനിന്ന്​ കടം വാങ്ങിയ 16 രൂപയുമായി കൊച്ചിയിലെ ഹാര്‍ബര്‍ സ്​റ്റേഷനില്‍നിന്ന്​ മദ്രാസിലെ മൈലാപുരിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസ് തീവണ്ടി കയറുന്നത്​. മലയാളി ഉള്ളിടത്തേക്കെല്ലാം നടത്തുന്ന, പതിറ്റാണ്ടുകൾ നീളുന്ന സംഗീത തീർഥയാത്രയുടെ തുടക്കമായിരുന്നു അത്​. 60 വർഷം മുമ്പത്തെ ആ ദിവസം യേശുദാസ്​ ഓർത്തെടുക്കുന്നത്​ ഇങ്ങനെ:

''കെ.എസ്​. ആൻറണി സംവിധാനം ചെയ്യുന്ന 'കാൽപ്പാടുകൾ' എന്ന സിനിമയുടെ റെക്കോഡിങ്ങിലായിരുന്ന സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്‍റെ മുന്നിലാണ്​ ഞാൻ എത്തപ്പെട്ടത്​. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ മുകേഷിന്‍റെ 'ദോ റോസ്​ മേം വോ പ്യാർ കാ ആലം ഗുസർ ഗയാ' എന്ന ഗാനവും രണ്ടു​ നാടകഗാനങ്ങളും പാടിക്കേൾപ്പിച്ചു. ശാസ്​ത്രീയഗാനം വേണമെന്ന്​ പറഞ്ഞപ്പോൾ ബഹുദാരിയിലുള്ള ത്യാഗരാജ കീർത്തനം 'ബ്രോവഭാരമാ രഘുരാമ'യും പാടി. ബോധ്യമായതോടെ ശ്രീനാരായണഗുരു സൂക്തം 'ജാതിഭേദം' റിഹേഴ്​സൽ എന്നുപറഞ്ഞാണ്​ പാടിച്ചത്​. പക്ഷേ, അത്​ ടേക്ക്​ ആയിരുന്നു.''

പിന്നീട്​ യേശുദാസിന്‍റെ ജീവിതസന്ദേശം തന്നെ ആയി മാറിയ ആ പാട്ട്​ അല്ലായിരുന്നു അദ്ദേഹം ആദ്യം പാടേണ്ടിയിരുന്നത്​. 'കാണു​േമ്പാൾ ഞാനൊരു കാരിരുമ്പ്​' എന്നൊരു ഹാസ്യഗാനമാണ്​ ദാസിന്‍റെ സിനിമ അരങ്ങേറ്റത്തിനായി മദിരാശി ഒരുക്കിവെച്ചിരുന്നത്​. എന്നാൽ, ടൈഫോയ്​ഡ്​ പിടിപെട്ടതിനാൽ അ​ദ്ദേഹത്തിനത്​ പാടാനായില്ല. അതിൽ നിരാശപ്പെട്ട്​ കഴിയു​​േമ്പാഴാണ്​​ 'ജാതിഭേദം' ദാസിനെ തേടിയെത്തുന്നത്​. ഒരു തട്ടുപൊളിപ്പൻ പാട്ട്​ പാടിയല്ല സംഗീതവഴിയിലെ ദാസിന്‍റെ തീർഥാടനം തുടങ്ങേണ്ടതെന്ന്​ ദൈവം തീരുമാനിച്ചുറപ്പിച്ച പോലെ...



ആദ്യം റെക്കോഡ്​ ചെയ്​തത്​ 'ജാതിഭേദം' ആണെങ്കിലും മലയാളികൾ ദാസിന്‍റെ ശബ്​ദം ആദ്യമായി കേട്ടത്​ 1962 ഫെബ്രുവരി 23ന് റിലീസ്​ ചെയ്​ത 'വേലുത്തമ്പി ദളവ' എന്ന സിനിമയിലെ 'പുഷ്പാഞ്ജലികൾ' (രചന-അഭയദേവ്, സംഗീതം-ദക്ഷിണാമൂർത്തി) എന്ന ശീർഷകഗാനത്തിലൂടെയാണ്​. കാരണം, ഗാനം റെക്കോഡ് ചെയ്​ത്​ 10 മാസത്തോളം കഴിഞ്ഞ്​ 1962 സെപ്റ്റംബർ ഏഴിനാണ് 'കാൽപ്പാടുകൾ' റിലീസ് ചെയ്തത് (അതിൽ ശാന്ത പി. നായർക്കൊപ്പം 'അറ്റൻഷൻ പെണ്ണേ അറ്റൻഷൻ' എന്ന ഹാസ്യഗാനവും ദാസ്​ പാടിയിരുന്നു). 'വേലുത്തമ്പിദളവ'യുടെ ടൈറ്റിൽ കാർഡിൽ യേശുദാസിന്‍റെ പേരും പാട്ടുപുസ്തകത്തിൽ അദ്ദേഹം പാടിയ ഗാനവും കൊടുത്തിരുന്നുമില്ല. ഇത്തരം തിരസ്​കാരങ്ങൾക്കും നിരുത്സാഹപ്പെടുത്തുന്ന എതിര്‍പ്പുകൾക്കുമൊന്നും ദാസിന്‍റെ ആലാപനപാടവത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല എന്ന്​ പിന്നീട്​ കാലം തെളിയിച്ചു.

'വേലുത്തമ്പി ദളവ'ക്കുശേഷം 1962ൽ 'ശാന്തിനിവാസ്' (മാർച്ച് എട്ട്​), 'ശ്രീകോവിൽ' (ഏപ്രിൽ 13', 'പാലാട്ടുകോമൻ' (സെപ്​റ്റംബർ 1) എന്നീ സിനിമകളിൽ പാടിയെങ്കിലും സെപ്​റ്റംബർ 28ന്​ പുറത്തിറങ്ങിയ കെ.എസ്​. സേതുമാധവ​െൻറ 'കണ്ണും കരളും' എന്ന ചിത്രത്തിലെ 'ആരെ കാണാൻ അലയുന്നു കണ്ണുകൾ' (വയലാർ-എം.ബി. ശ്രീനിവാസൻ) ആയിരുന്നു ദാസിന്‍റെ ആദ്യ ഹിറ്റ്​. 1962ൽതന്നെ 'വിധി തന്ന വിളക്ക്' (ഒക്ടോബർ 5), 'ഭാഗ്യജാതകം' (നവംബർ 16), 'വിയർപ്പിന്‍റെ വില' (ഡിസംബർ 1), 'ഭാര്യ' (ഡിസംബർ 20) എന്നീ ചിത്രങ്ങൾകൂടി ദാസിന്‍റെ നാദസൗകുമാര്യത്തിൽ ഇറങ്ങിയതോടെ പിറന്നത്​ മലയാള സിനിമാസംഗീതത്തിലെ പുതുചരിത്രമാണ്​.

ദാസിന്‍റെ 'കാൽപ്പാടുകളി'ലെ ആദ്യഗാനം റെക്കോഡ്​ ചെയ്​ത്​ കഴിഞ്ഞ്​ നിർമാതാവ്​ രാമൻ നമ്പിയത്തും ബാക്കിയുള്ളവരും അഭി​പ്രായത്തിനായി കാത്തുനിൽക്കേ, അന്നത്തെ വിഖ്യാത ശബ്​ദലേഖകൻ കോടീശ്വരറാവു പറഞ്ഞത്​ '10 വർഷം കഴിഞ്ഞ്​ പറയാം' എന്നാണ്​. 10​ വർഷങ്ങൾ പലത്​ കഴിഞ്ഞു. മലയാളനദി കടന്ന്​ കശ്​മീരി ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും കടൽ കടന്ന്​ ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍, ഗ്രീക്​​ ഭാഷകളിലേക്കും ആ ശബ്​ദമാധുര്യം പരന്നൊഴുകി. അരലക്ഷത്തിലേറെ പാട്ടുകൾ... സ്വപ്‌നം കാണു​േ​മ്പാഴും പ്രണയിക്കു​േമ്പാഴും സങ്കടപ്പെടു​േമ്പാഴും സന്തോഷിക്കു​േമ്പാഴുമെല്ലാം അവ മലയാളിയുടെ ഹൃദയത്തിൽ റെക്കോഡ്​ ചെയ്യപ്പെട്ടുകൊ​ണ്ടേയിരിക്കുന്നു.

ആസ്വാദകനെ ഗാനപ്രപഞ്ചത്തിൽ ആറാടിക്കുന്ന ആ സംഗീതസപര്യക്ക് പിന്നിൽ കഠിന വഴികളുടെ കയറ്റിറക്കങ്ങളുണ്ട്. ത​ന്‍റെ ജീവിതം മാറ്റിമറിച്ച ഒരനുഭവത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഇന്നും അനുവർത്തിച്ചു പോരുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗാനഗന്ധർവൻ മനസ് തുറന്നിട്ടുണ്ട്. 'കുറേയെറെ വർഷങ്ങൾക്ക് മുമ്പ് ചില സ്ഥായികൾ ആലപിക്കുന്നതിൽ അൽപം ബുദ്ധിമുട്ട് നേരിട്ടിരുന്നു.



എന്നാൽ അത് പ്രായത്തെ തുടർന്നുള്ള സ്വാഭാവികമായ പ്രതിഭാസമാണെന്ന ധാരയാണ് എനിക്കുണ്ടായിരുന്നത്. ഒരിക്കൽ അമേരിക്കയിലെ ഒരു ടൂറിനിടയിൽ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട ഒരു സംഭവമുണ്ടായി. അവിടെ വച്ച് ശ്രീലങ്കക്കാരനായ ഒരു പയ്യനെ കാണാനിടയായി. എ​ന്‍റെ വളരെ വലിയൊരു ആരാധകനായിരുന്നു അവൻ. സംഗീത പരിപാടിക്ക് എന്നെ കൂട്ടികൊണ്ട് പോകണമെന്ന ആഗ്രഹം അവൻ പറയുകയുണ്ടായി. തുടർന്ന് അവ​ന്‍റെ കാറിലെ യാത്രക്കിടെ സീറ്റിൽ കിടന്ന ഒരു പുസ്‌തകം കണ്ണിലുടക്കി. 'ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്' എന്നതായിരുന്നു അതി​ന്‍റെ പേര്. വായിച്ചു തുടങ്ങിയതും പുസ്‌തകത്തിലെ വരികൾ എ​ന്‍റെ മനസിനെ വല്ലാതെ സ്‌പർശിച്ചു.

ജീവിതത്തിൽ അതുവരെ തുടർന്നുവന്ന തെറ്റെന്താണെന്ന് പുസ്‌തകം എനിക്ക് മനസിലാക്കി തരികയായിരുന്നു. ഓരോരുത്തരുടെയും രക്തഗ്രൂപ്പുകളും അതിനനുസരിച്ച് അവർ കഴിക്കേണ്ടതും വർജിക്കേണ്ടതുമായ ഭക്ഷണരീതികളായിരുന്നു അതിലെ പ്രതിപാദ്യം. തുടർന്ന് അതിൽ പറയുന്ന പ്രകാരത്തിലേക്ക് ഞാൻ ഭക്ഷണം ക്രമീകരിച്ചു. അത്ഭുതമാണ് പിന്നീട് സംഭവിച്ചത്. പുസ്‌തകത്തിൽ പറയുന്ന പ്രകാരം എന്നുമുതൽ മാറ്റങ്ങൾ വരുത്തിയോ അന്നുമുതൽ സ്വരാരോഹണത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വന്നിട്ടില്ല.

സത്യത്തിൽ അതിന് ശേഷമാണ് പ്രയാസമേറിയതും വലിയ ഹിറ്റുകളുമായ ഗാനങ്ങൾ പിറവിയെടുത്തത്' - യേശുദാസ് പറയുന്നു. ഒരു കപ്പ് കോഫിയിലും എനർജി ബാറിലുമാണ് ത​ന്‍റെ ഓരോ ദിനവും തുടങ്ങുന്നതെന്ന് യേശുദാസ് വ്യക്തമാക്കുന്നു. 'ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. നേരത്തെ രാത്രികളിൽ റൊട്ടി കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ പുസ്‌തകം വായിച്ചതിന് ശേഷം ആ ശീലം ഒഴിവാക്കി.

ചായ കുടിക്കാറില്ല. കുട്ടിക്കാലത്ത് വളരെ ഇഷ്‌ടമുള്ള വിഭവമായിരുന്ന ചിക്കനും നിറുത്തി. മുട്ട കഴിക്കില്ല. എത്രയോ കാലമായി സസ്യാഹാരിയാണ്. എ​ന്‍റെ ശബ്‌ദം കത്തു സൂക്ഷിക്കേണ്ടത് എ​ന്‍റെ തന്നെ കടമയാണ്. ഇന്നത്തെ നിങ്ങളുടെ മോശം ഭക്ഷണരീതിയാണ് നാളത്തെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുക. ശ്രദ്ധക്കുറവോ അവഗണനയോ കാരണം ഒരിക്കലും എ​ന്‍റെ സംഗീതത്തെ മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' - യേശുദാസ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് ശ്രവണസുഖമേകാൻ ഈ മഹാഗായകൻ ഇനിയും ഏറെക്കാലം ഈ ഭൂമിയിൽ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയാണ് സംഗീത ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ YesudasMusicBirthday
News Summary - Gandharva singer at the age of 82; Today is Yesudas' birthday
Next Story