പൊന്നമ്മയുടെ ഒാർമ്മകളിലെ ഗാന്ധിജിക്ക് എട്ട് പതിറ്റാണ്ടിനിപ്പുറവും തിളക്കം
text_fieldsആലപ്പുഴ: കരുമാടിയിലെ മുസാവരി ബംഗ്ളാവില്‍ രാഷ്ട്രപിതാവ് മഹാത്മജി അന്തിയുറങ്ങിയ കാര്യം പുതു തലമുക്ക് കേട്ടുകേൾവി മാത്രമാണ്.എന്നാൽ ഗാന്ധിജിയെ അന്ന് നേരിൽ കണ്ട അപൂർവ്വം ചിലരിലൊരളാണ് മുസാവരി ബംഗ്ളാവിന് എതിർവശത്ത് താമസിക്കുന്ന 86 കാരിയായ പൊന്നമ്മ.അമ്പലപ്പുഴ മുൻസിഫ് േകാടതിയിൽ വക്കീലായിരുന്ന മേലൂർ ഗോപാലക്കൈമളിെൻറ മകൾ.
ഇന്ത്യൻ ഒാവർസീസ് ബാങ്കിൽ നിന്നും എ.ജി.എം ആയി വിരമിച്ച മകൻ അനിൽ കുമാറിനോടൊപ്പം താമസിക്കുന്ന പൊന്നമ്മയുടെ മനസ്സിൽ ഗാന്ധിജിയുടെ കരുമാടി സന്ദർശനം ഇന്നും പച്ചപിടിച്ച് നിൽക്കുന്നുണ്ട്.‘അന്നെനിക്ക് കഷ്ടിച്ച് അഞ്ച് വയസ്സ് പ്രായം കാണും.ഗാന്ധിജി വരുന്നുവെന്ന് പറഞ്ഞ് ഞങ്ങൾ കുട്ടികളെല്ലാം തടിച്ച് കൂടിയത് ഇന്നും ഒാർമ്മയിലുണ്ട്.ചിത്രങ്ങളിലെല്ലാം കാണുന്നത് പോലെ ദേഹം മുഴുവൻ വസ്ത്രം കൊണ്ട് മറച്ച രൂപം.’അവർ ഒാർമ്മച്ചെപ്പ് തുറന്നു.അദ്ദേഹത്തിെൻറ കൂടെ സഹായികളെ പോലെ കുറച്ചു പേരുള്ളതായി ഒാർക്കുന്നു.ഗാന്ധിജിയെ കാണാനായി ഒരു ദേശം തന്നെ തടിച്ച് കൂടിയിരുന്നു.ബംഗ്ളാവിന് മുന്നിലെ വലിയ മാവിന് മുന്നിൽ വിശ്രമിക്കുന്ന വേളയിലാണ് അദ്ദേഹത്തെ കാണുന്നത്.മാവിന് മുകളിലേക്ക് അദ്ദേഹം സൂക്ഷിച്ച് നോക്കിയതും മറ്റും ഇന്നും മനസ്സിൽ നല്ലപോലെ നിറഞ്ഞു നിൽക്കുന്നുണ്ട്.‘മാധ്യമ’ത്തോട് സംസാരിക്കുേമ്പാൾ പൊന്നമ്മയുടെ മുഖത്ത് തെളിയുന്നത് അഭിമാനത്തിൻെറ പൊൻതിളക്കം.
ബംഗ്ളാവിെൻറ മുന്‍വശത്തെ കടവിലാണ് ഗാന്ധിജി വന്നിറങ്ങിയത്.തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കരുമാടിയിലെ ബംഗ്ളാവില്‍ ഒരു ദിവസം രാത്രി തങ്ങിയത്.സ്വാതന്ത്ര സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് ഗാന്ധിജി എത്തിയെന്ന് അറിഞ്ഞ് ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ വഞ്ചിയിലും മറ്റുമായി കാരുമാടിയിലേക്ക് കുതിച്ചെത്തി.ഗാന്ധിജിയെ നേരിൽ കാണാനും ഒന്ന് തൊടുവാനും അദ്ദേഹത്തിെൻറ സ്വരം കേള്‍ക്കാനുമായിട്ടായിരുന്നു ആബാലവൃദ്ധം ജനങ്ങൾതടിച്ച് കൂടിയത്. പക്ഷെ അന്ന് അദ്ദേഹം മൗനവൃതത്തിലായിരുന്നതിനാൽ എല്ലാവരും നിരശയിലായി. കരുമാടിയിൽ നിന്നും ഗാന്ധിജി കിഴക്ക് ഭാഗത്തേക്ക് പോയ കാര്യം പൊന്നമ്മ ഒാർക്കുന്നു.ഒരു പക്ഷെ കരുമാടി കുട്ടനെന്ന കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട ദൈവ സങ്കൽപത്തെ കുറിച്ച് അത് കാണാൻ േപായതായിരിക്കാമെന്നാണ് അവരുടെ നിഗമനം.
പിറ്റേന്ന് തകഴിയിലെത്തിയ മഹാത്മജി അവിടുന്ന് ജലമാര്‍ഗം ചേര്‍ത്തല വഴിയാണ് വൈക്കത്തേക്ക് പോയത്. തകഴി അമ്പലത്തിനടുത്ത് വെച്ചും ഇപ്പോള്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നതിന് സമീപം വെച്ചും അദ്ദേഹം നൂറുകണക്കിനാളുകളെയാണ് കണ്ടത്. തിരുവനന്തപുരത്തുനിന്ന് മാവേലിക്കര, തട്ടാരമ്പലം, ഹരിപ്പാട് വഴിയാണ് ഗാന്ധിജി കരുമാടിയില്‍ എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹാത്മാജിയുടെ സന്ദര്‍ശനത്തിെൻറ സ്മാരകമായി മുസാവരി ബംഗ്ലാവിനെ സർക്കാർ പ്രഖ്യാപിച്ച് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനൊപ്പം ഇൗ മുത്തശ്ശിയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.