ഗാന്ധിജി ആദ്യം തൂത്തുകളയാൻ ശ്രമിച്ച അഴുക്കായിരുന്നു മതവർഗീയത -സുനിൽ പി. ഇളയിടം
text_fieldsതൃശൂർ: ഗാന്ധിജി ആദ്യം തൂത്തുകളയാൻ ശ്രമിച്ച അഴുക്കായിരുന്നു മതവർഗീയതയെന്ന് പ്രശസ്ത ചിന്തകൻ സുനിൽ പി. ഇളയിടം. ഗാന്ധിജിയുടെ കാലത്ത് അദ്ദേഹത്തിന് ധാരാളം എതിരാളികളും വിമർശകരും ഉണ്ടായിരുന്നുവെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നില്ല. ഇന്നാണ് അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടായത്. എന്നാൽ അവർ അനുയായികളായി ചമയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ ഈ അനുയായികളിൽ നിന്നും ഗാന്ധിജിയെ കാത്തുസൂക്ഷിക്കേണ്ട അവസ്ഥയിലാണ് നാം. ലോകമൊട്ടാകെ ഗാന്ധിജിക്ക് ലഭിച്ചിട്ടുള്ള മൂല്യത്തെ പിൻപറ്റുക എന്നതാണ് ഇവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ചോര പുരണ്ട മണ്ണും ഗാന്ധിജിയുടെ ചോര വീഴ്ത്തിയവരെയും ഒരുമിച്ച് നിറുത്തിക്കൊണ്ട് സന്തുലിതത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന പത്രങ്ങളുണ്ട്. നിരന്തരം തിരുത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. ജാതിയെ മനുഷ്യാവകാശപ്രശ്നമായി കാണുന്നതിനുപകരം ഹിന്ദുമതത്തിലെ പ്രശ്നമായി മാത്രമാണ് ഗാന്ധിജി കണ്ടതെന്നും ഇക്കാര്യത്തിൽ അംബേദ്ക്കറുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നും ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ സംസ്ഥാനതല സമാപനത്തിൽ 'ഗാന്ധിജിയുടെ സമകാലികത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവെ സുനിൽ പി. ഇളയിടം പറഞ്ഞു.
രാഷ്ട്രത്തിന് മുകളിൽ ജനകീയതയെ പ്രതിഷ്ഠിക്കാനാണ് ഗാന്ധിജി ശ്രമിച്ചതെങ്കിൽ ജനകീയതക്ക് മുകളിൽ രാഷ്ട്രത്തെ പ്രതിഷ്ഠിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.