ഗാന്ധിജിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മന
text_fieldsവൈക്കം: സ്വാതന്ത്ര്യചരിത്രത്തിൽ ഇടംനേടിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിെൻറ തിരുശേഷിപ്പായി ഇണ്ടംതുരുത്തി മന. മഹാത്മാഗാന്ധിയുടെ മായാത്ത ഓർമയും മനയെ ചരിത്രത്താളുകളിൽ ശ്രദ്ധേയമാക്കുന്നു. ജാതീയത തൂണിലും തുരുമ്പിലും നിലനിന്നിരുന്ന കാലത്ത് മഹാത്മാഗാന്ധിക്ക് മനക്കുള്ളിലേക്ക് പ്രവേശനം നിഷേധിച്ച ബ്രാഹ്മണ ഭവനമായിരുന്നു അത്.
അവർണ സമുദായത്തിൽപെട്ടവർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനാണ് മഹാത്മഗാന്ധി 1925 മാർച്ച് ഒമ്പതിന് വൈക്കം പഴയ ബോട്ട് ജെട്ടിയിൽ എത്തുന്നത്. വൈക്കത്തെ അന്നത്തെ നാടുവാഴിയായിരുന്ന ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിർത്തിരുന്നത്.
സവർണചേരിയുടെ നെടുനായകത്വം നീലകണ്ഠൻ നമ്പൂതിരിപ്പാടിനാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി കാര്യങ്ങൾ ചർച്ചചെയ്യാൻ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. നമ്പൂതിരിപ്പാടിനെ കാര്യം അറിയിച്ചപ്പോൾ വേണമെങ്കിൽ മനയിലേക്ക് എത്താനായിരുന്നു മറുപടി.
മാർച്ച് 10ന് ഗാന്ധിജിയും സംഘവും മനയിൽ എത്തി. ഗാന്ധിജി അബ്രാഹ്മണനായതിനാൽ മനയുടെ അക്കത്തേക്ക് കയറ്റിയില്ല. പകരം മനക്ക് മുന്നിൽ പ്രത്യേകം നിർമിച്ച പൂമുഖത്ത് ഇരുത്തി. സംസ്കൃത പണ്ഡിതനായ നീലകണ്ഠനുമായി ദീർഘനേരം ഗാന്ധിജി സംവാദത്തിൽ ഏർപ്പെട്ടു. തുടർന്ന് ഗാന്ധിജി മടങ്ങിയ ഉടൻ മനയിൽ ശുദ്ധികലശം നടത്തുകയും ചെയ്തു. നവംബർ 21ന് വൈക്കം സത്യഗ്രഹം പിൻവലിച്ചു. പിന്നീട് ഭൂപരിഷ്കരണ നിയമവും ഉൾപ്പോരുകളുമൊക്കെ മനയെ പിടിച്ചുലച്ചു.
സാമ്പത്തികമായി മന തകർന്നു. ഒടുവിൽ കമ്യൂണിസ്റ്റ് നേതാവായ സി.കെ. വിശ്വനാഥൻ വൈക്കം ചെത്തുതൊഴിലാളി യൂനിയനുവേണ്ടി മന വാങ്ങി. 2009ൽ തൊഴിലാളികളിൽനിന്നു സമാഹരിച്ച 45 ലക്ഷം മുടക്കി ഇണ്ടംതുരുത്തി മന പുനർനിർമിച്ചു. വൈക്കത്തിെൻറ മണ്ണിൽ സ്പർശിച്ച മഹാത്മജിയുടെ ഓർമകൾ ഇപ്പോഴും ഇണ്ടംതുരുത്തി മനയിലൂടെ നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.