ഗണേഷ് കുമാർ: ആക്ഷൻ ത്രില്ലർ രാഷ്ട്രീയത്തിന് പുതിയ റോൾ
text_fieldsതിരുവനന്തപുരം: വെള്ളിത്തിരയിലെ വില്ലനായും നായകനായും മാത്രമല്ല, രാഷ്ട്രീയക്കാരൻ എന്നനിലയിൽ ആക്ഷൻ ത്രില്ലർ സിനിമക്കുള്ള കഥയും ഇതിവൃത്തവും രാഷ്ട്രീയജീവിതത്തിൽ എഴുതിച്ചേർത്താണ് കെ.ബി. ഗണേഷ് കുമാർ മൂന്നാംവട്ടവും മന്ത്രിക്കസേരയിലേക്കെത്തുന്നത്. പിതാവിന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിനെതുടർന്ന് 2001ൽ മന്ത്രിസഭയിലെത്തിയതു മുതൽ ഗണേഷിനൊപ്പം വിവാദവുമുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടിവന്നതും വിവാദത്തിന്റെ പേരിൽതന്നെ. കുടുംബപ്രശ്നങ്ങൾ കോടതികയറിയതും വിവാഹമോചനവും വി.എസിനെതിരെയുള്ള വിവാദ പ്രസംഗവും നിയമസഭയിലെ മാപ്പുപറച്ചിലും തുടങ്ങി പിതാവും മകനുമായുള്ള പരസ്യമായ വെല്ലുവിളികളും മന്ത്രിയെ പിൻവലിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതും അടക്കം വാർത്തകളിലെ എക്കാലത്തെയും താരമാണ് ഗണേഷ്.
പിതാവിനുവേണ്ടി മന്ത്രിക്കസേരയിൽ
സംസ്ഥാന ചരിത്രത്തിലാദ്യമായി സിനിമയിൽനിന്നൊരാൾ നിയമസഭയിലേക്കെത്തുന്നെന്ന റെക്കോഡ് സ്വന്തമാക്കിയാണ് 2001ലെ ഗണേഷ് കുമാറിന്റെ പാർലിമെന്റററി രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന ഗണേഷ് പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ തണലിലാണ് അന്ന് ആ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്തു കയറിയത്. പിതാവിന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിനെതുടർന്ന് പിന്നാലെ അതേ സർക്കാറിൽ മന്ത്രിയാവുകയും ചെയ്തു. ഒരു നാടകത്തിൽ പോലും അഭിനയിക്കാതെ യാദൃച്ഛികമായാണ് 19ാം വയസ്സിൽ കെ.ജി. ജോർജിന്റെ ഇരകളിലൂടെ ഗണേഷ് സിനിമയിലെത്തുന്നത്. അതുപോലെ യാദൃച്ഛികമായാണ് 2001ൽ എം.എൽ.എയും മന്ത്രിയുമായത്.
നാലുവട്ടം മത്സരിച്ച ശേഷമാണ് പിള്ള മന്ത്രിയായത്. പക്ഷേ, മകന് ആദ്യചുവടിൽതന്നെ മന്ത്രിപദം. 2001 ലെ കന്നിയങ്കത്തിൽ പത്തനാപുരത്തുനിന്ന് സി.പി.ഐയിലെ അഡ്വ.കെ. പ്രകാശ് ബാബുവിനെ 9931 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പിള്ളക്കെതിരെ കേസുള്ളതിനാലാണ് മകനിലേക്ക് മന്ത്രിക്കസേരയെത്തിയത്. പിതാവിനൊപ്പം നിയമസഭയിലിരുന്ന മകൻ, പിതാവുള്ള സഭയിൽ മന്ത്രിയാകുന്ന മകൻ എന്നിങ്ങനെ വിശേഷണങ്ങളും വേറെ. 2003 ൽ പിതാവ് കുറ്റമുക്തനായപ്പോൾ 22 മാസത്തെ ഇടവേളക്കു ശേഷം മന്ത്രി പദം ഒഴിഞ്ഞുകൊടുത്തതും ചരിത്രം.
പരാജയമേകാതെ പത്തനാപുരം
2006ൽ പത്തനാപുരത്തുനിന്ന് വീണ്ടും ജയം. പാർട്ടി വൈസ് ചെയർമാനായിരുന്ന ഗണേഷ് പിതാവ് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതിനെ തുടർന്ന് പാർട്ടി ആക്ടിങ് ചെയർമാനായി. 2011 ലെ മൂന്നാം ഊഴത്തിൽ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്നു കെ. രാജഗോപാലിനെ 20,405 വോട്ട് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ഹാട്രിക് നേടിയത്. പിന്നാലെ 2011 ലെ ഉമ്മൻ ചാണ്ടി സർക്കാറിലും വനം-സ്പോർട്സ് മന്ത്രിയായി.
ആ രണ്ടു വട്ടവും യു.ഡി.എഫ് ബാനറിൽ നിന്നാെണങ്കിൽ 12 വർഷങ്ങൾക്കിപ്പുറം ഗണേഷ് മന്ത്രിക്കസേരയിലേക്ക് നടന്നടക്കുന്നത് ഇടതുമുന്നണിയിൽനിന്നാണ്. തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽനിന്ന് കോമേഴ്സിൽ ബിരുദം നേടിയ ശേഷമായിരുന്നു ഗണേഷിന്റെ സിനിമ പ്രവേശനം. ബിന്ദുവാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.