ഗണേഷ് കുമാറിന് അയോഗ്യതയൊന്നുമില്ല; സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതം -ഇ.പി.ജയരാജൻ
text_fieldsതിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ മുൻപിലില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെ ഉൾപ്പെടുത്തുന്നതില്‍ മുന്നണിയിൽ ഭിന്നതയുണ്ടെന്ന വാർത്തയോടാണ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തയിൽ ഒരു അടിസ്ഥാനവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ അതിനകത്തെ ഏതെങ്കിലും ഒരു പാർട്ടിയോ ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാത്ത വിഷയമാണ് ഇപ്പോൾ ചില മാധ്യമങ്ങൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും എ.എൻ ഷംസീർ സ്പീക്കർ ആയിട്ട് ഒരു വർഷമല്ലേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20-ന് യോഗം ചേരാന്‍ എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും സ്ഥാനം ഒഴിഞ്ഞ് കെ.ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എ.എന്‍.ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞ് പകരം വീണ ജോര്‍ജിനെ സ്പീക്കറാക്കാനാണ് നീക്കം.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്പീക്കർ തയാറായില്ല. മാധ്യമ വാർത്തകൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും മറ്റൊന്നും അറിയില്ലെന്നും സ്പീക്കർ എ.എന്‍.ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാൽ പോകുമെന്നും മുന്നണിക്കൊപ്പം എന്നുമുണ്ടാകുമെന്നും ആന്റണി രാജു പ്രതികരിച്ചു. ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.