സോളാർ കേസിൽ ഗണേഷ് കുമാറിന് തിരിച്ചടി, കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഹരജി ഹൈകോടതി തള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്നാരോപിച്ച് ഗണേഷ് കുമാറിനും സോളാർ കേസിലെ പ്രതിയായ വനിതക്കുമെതിരെ അഡ്വ. സുധീർ ബാബു നൽകിയ പരാതിയെത്തുടർന്നുള്ള കേസ് റദ്ദാക്കണമെന്ന ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്.
മുൻ മുഖ്യമന്ത്രിയുടെ ആത്മാവിന് നീതി ലഭിക്കാനും ഹരജിക്കാരന്റെ ആത്മാർഥത തെളിയിക്കപ്പെടാനും തുടരന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. കോടതിയിൽ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്ന് പരാതിക്കാരി തയാറാക്കി നൽകിയ 21 പേജുള്ള കത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെയടക്കം പേരുകൾ രേഖപ്പെടുത്തി നാലുപേജ് കൂട്ടിച്ചേർത്താണ് നൽകിയതെന്നായിരുന്നു സുധീർ ബാബുവിന്റെ പരാതി.
എന്നാൽ, 25 പേജുള്ള കത്താണ് എഴുതിയതെന്ന് പരാതിക്കാരിതന്നെ സോളാർ കമീഷനിലുൾപ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാദം. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ അതൃപ്തി ഗണേഷ് കുമാറിന് ഉണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മൊഴിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മന്ത്രിയാക്കാത്തതിൽ ഉമ്മൻ ചാണ്ടിക്ക് പണികൊടുക്കുമെന്നും പെണ്ണു കേസിൽപ്പെടുത്തുമെന്നും പറഞ്ഞതായും ഹരജിക്കാരന്റെ സ്റ്റാഫ് അംഗങ്ങളുടെ മൊഴിയുണ്ട്. ഒന്നാംപ്രതിക്കുമേൽ ഗണേഷ്കുമാറിന് സ്വാധീനമുണ്ടായിരുന്നതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ഈ മൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നോയെന്നത് പിന്നീട് തീരുമാനിക്കപ്പെടേണ്ട കാര്യമാണ്.
മുൻ മുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ ഗൂഢാലോചന നടത്തിയെന്ന ഗൗരവമുള്ള കുറ്റമാണ് ഗണേഷ് കുമാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇത്തരമൊരു ആരോപണം വായുവിൽ തങ്ങിനിൽക്കുന്നത് മരണപ്പെട്ട മുൻ മുഖ്യമന്ത്രിയുടെ ആത്മാവിന് പൊറുക്കാനാവില്ല. അതിനാൽ, കേസ് തുടരുകയെന്നത് മുൻ മുഖ്യമന്ത്രിയുടെ ആത്മാവിന് നീതി കിട്ടാനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനിവാര്യമാണ്. ഇതോടൊപ്പം ഹരജിക്കാരന്റെ ആത്മാർഥതയും സത്യസന്ധതയും തെളിയിക്കപ്പെടേണ്ടതുണ്ട്. തനിക്കെതിരായ പരാതി തെറ്റാണെന്ന് തെളിഞ്ഞാൽ പരാതിക്കാരനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനാവും. അതിനാൽ, ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആവശ്യമെങ്കിൽ കുറ്റപത്രം നൽകുന്ന ഘട്ടത്തിൽ ഡിസ്ചാർജ് ഹരജി സമർപ്പിച്ച് കീഴ്കോടതിയിൽ ഹരജിക്കാരന് തന്റെ വാദങ്ങൾ ഉന്നയിക്കാവുന്നതാണെന്നും അത്തരമൊരു ഹരജി ലഭിച്ചാൽ, ഈ ഉത്തരവിലെ നിരീക്ഷണങ്ങൾ പരിഗണിക്കാതെ കോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷ ലഭിക്കുന്ന ഘട്ടത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപരമായി പരിഗണിച്ച് തീർപ്പാക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.