‘അമ്മ’ സംഘടനയെ തകർത്ത ദിവസം; നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിതെന്നും നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽനിന്നു 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരും കൈയിൽനിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 130ഓളം വരുന്ന ആളുകൾ മാസം 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ല. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണ്’ -ഗണേഷ് കുമാർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെയാണ് അമ്മ സംഘടനയിൽ കൂട്ടരാജി. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു. പിന്നാലെ 17 എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയിൽനിന്ന് രാജിവെച്ചു. നേരത്തെ, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്ന് മോഹൻലാൽ വ്യക്തമാക്കി.
അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.