പനയമ്പാടം വളവിൽ വാഹനം ഓടിച്ച് ഗണേഷ് കുമാറിന്‍റെ പരിശോധന; റോഡിന് അടിയന്തര നവീകരണം ആവശ്യമുണ്ടെന്നും മന്ത്രി
text_fieldsപാലക്കാട്: ചരക്കുലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച കല്ലടിക്കോട് പനയമ്പാടത്ത് ഔദ്യോഗിക വാഹനം ഓടിച്ചുനോക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരിശോധന. റോഡിന് അടിയന്തരമായി നവീകരണം ആവശ്യമുണ്ടെന്നും പണം ഹൈവേ അതോറിറ്റി നൽകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ മന്ത്രി, പണം ലഭിച്ചില്ലെങ്കിൽ റോഡ് സുരക്ഷ അതോറിറ്റിയുടെ പണം ഉപയോഗിച്ച് നവീകരണം നടത്തുമെന്നും ഉറപ്പുനൽകി. സ്ഥലത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസിന്‍റെ സമരപന്തലിലെത്തി സമരക്കാരോടും പ്രദേശവാസികളോടും മന്ത്രി പ്രശ്നങ്ങൾ ചോദിച്ചുമനസിലാക്കി.
തുടർന്നാണ് റോഡിന്റെ പ്രശ്നം മനസിലാക്കുന്നതിനായി ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തിയത്. കയറ്റം കയറി വരുമ്പോൾ ജങ്ഷനോടടുക്കുന്നിടത്ത് നൈസ് ബേക്കറി മുതൽ ഓട്ടോ സ്റ്റാന്‍റ് വരെയുള്ള ഭാഗത്ത് വാഹനം ഓടിച്ചുവരുന്നയാൾക്ക് സ്റ്റിയറിങ് വലത്തേക്ക് പിടിക്കാനുള്ള പ്രവണതയുണ്ട്. അപകടമേഖലയിൽ ഡിവൈഡിങ് ലൈനിലേക്കുള്ള ദൂരം വളരെ കുറവാണ്. ഒരു വാഹനത്തിന് മാത്രമേ ഇതിലെ കടന്നുപോകാൻ കഴിയൂ. എന്നാൽ മറുവശത്ത് വീതി കൂടുതലാണ്. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സെൻട്രൽ ലൈൻ പിടിക്കുമ്പോൾ വാഹനം വലത്തേക്ക് കയറി വരും. ഇത്തരത്തിൽ വലത്തേക്ക് കയറി വന്ന വാഹനത്തിന്റെ പിൻഭാഗം തട്ടിയാണ് ലോറി മറിഞ്ഞ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.
റോഡ് മാർക്ക് രണ്ടുമീറ്റർ മാറ്റി ഡിവൈഡർ സ്ഥാപിക്കുന്നതിനും ഓട്ടോ സ്റ്റാന്റ് ഇടതുവശത്തേക്ക് മാറ്റുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. റോഡിന് തെന്നലുള്ളതിന് സ്ഥിരമായ പരിഹാരം ആവശ്യമാണ്. നാഷനൽ ഹൈവേ അതോറിറ്റിക്ക് റോഡിന്റെ അപാകതകൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ റോഡ് സേഫ്റ്റി യോഗം ചേർന്ന് ഫണ്ട് കണ്ടെത്തി പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനൽകി.
കല്ലടിക്കോട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറി മറിഞ്ഞ് കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, പി.എ. ഇർഫാന ഷെറിൻ, എ.എസ്. ആയിഷ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ടുവരുമ്പോഴാണ് ലോറി പാഞ്ഞുകയറി നാല് വിദ്യാർഥിനികളും മരിച്ചത്. തുപ്പനാടിന് സമീപം ചെറൂളിയിൽ അര കിലോമീറ്ററിനുള്ളിലാണ് നാലുപേരുടെയും വീടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.