മൊഴിമാറ്റാന്‍ ഭീഷണി: ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. പ്രദീപ്കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ഇയാൾ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി. ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്ന് ഭീഷണിക്കത്തുകള്‍ വന്നതോടെ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവൻ വരെ അപപകടത്തിലാകാമെന്നുമായിരുന്നു ഭീഷണി.
പ്രദീപ്, വിപിൻ ലാലിന്‍റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്‍റെ പരാതിയിലുണ്ട്. ബന്ധുവിന്‍റെ ജ്വല്ലറിയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.