പ്രവർത്തകർ പിടിച്ചത് കാവിക്കൊടിയല്ലെന്ന് സി.പി.എം: 'ഗണേശോത്സവ ഘോഷയാത്ര പാർട്ടി നേതൃത്വത്തിൽ നടന്ന പരിപാടിയല്ല'
text_fieldsചിറ്റൂർ: കാവിക്കൊടിയുമായി സി.പി.എം നേതൃത്വത്തിൽ വിനായക ചതുർഥി ആഘോഷിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയുമായി സി.പി.എം. ഭൂരിപക്ഷം നാട്ടുകാരും പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിൽ ചിറ്റൂർ അഞ്ചാംമൈലിലെ ആഘോഷത്തിൽ സി.പി.എം പ്രവർത്തകരും പങ്കെടുത്തിട്ടുണ്ടെങ്കിലും നേതാക്കളാരും പരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് നല്ലേപ്പിള്ളി (രണ്ട്) ലോക്കൽ സെക്രട്ടറി എ. ശിവൻ പറഞ്ഞു.
നാട്ടിൽ നടക്കുന്ന സാംസ്കാരികമോ മതപരമോ ആയ പരിപാടികളിൽനിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കാറില്ല. സംഘ്പരിവാർ സംഘടനകൾ ഉപയോഗിക്കുന്ന കാവിക്കൊടിയാണ് ഗണേശോത്സവ ഭാഗമായി നടന്ന ഘോഷയാത്രക്ക് ഉപയോഗിച്ചതെന്നതും തെറ്റിദ്ധരിപ്പിക്കലാണ്. മഞ്ഞനിറത്തിലുള്ള കൊടിയാണ് വിഗ്രഹനിമജ്ജന ഘോഷയാത്രക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂരിൽ നടന്ന ഘോഷയാത്രയിൽ ചുവപ്പുമുണ്ട് ധരിച്ച യുവാക്കൾ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും പതാക വീശുകയും ചെയ്തതാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് ഘോഷയാത്രക്ക് ഉപയോഗിച്ചത്. ഗേണശോത്സവത്തിന്‍റെ പേരിൽ വർഷങ്ങളായി വൻ പണപ്പിരിവ് നടത്തി സംഘ്പരിവാർ പ്രവർത്തകർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് ഇത്തവണ പ്രത്യേകം ആഘോഷം സംഘടിപ്പിച്ചതെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.
അതേസമയം, ഹൈന്ദവ സംഘടനകളുടെ ആഘോഷം സി.പി.എം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബി.ജെ.പി ജില്ല നേതൃത്വം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.