പഴനിയിലെ കൂട്ടബലാത്സംഗം: പരാതിക്കാരിയായ തമിഴ് യുവതിയും സുഹൃത്തും മുങ്ങി
text_fieldsതലശ്ശേരി: തമിഴ്നാട്ടിലെ പഴനിയിൽ കൂട്ടബലാത്സംഗം നടന്നെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് വിവരം. പരാതിക്കാരിയായ യുവതിയും കൂടെ താമസിച്ചിരുന്ന യുവാവും കേസന്വേഷണത്തിനിടെ നാടകീയമായി തലശ്ശേരിയിൽനിന്നും മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. കുയ്യാലിയിലെ ഷറാറ ക്വാർട്ടേഴ്സിൽ നിന്നാണ് ഇരുവരും അപ്രത്യക്ഷമായത്.
വിധവയും നാല് മക്കളുടെ അമ്മയുമായ തമിഴ്നാട് സേലം സ്വദേശിയായ നാൽപതുകാരിയാണ് പഴനിയിലെ ലോഡ്ജിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ടിരുന്നത്. സ്വകാര്യ ഭാഗത്ത് ആന്തരിക ക്ഷതമേറ്റ് അവശയായി ഏതാനും ആഴ്ചകൾക്കുമുമ്പ് ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിയതാണ് സംഭവ പരമ്പരയുടെ തുടക്കം. വിദഗ്ധ ചികിത്സക്കായി ഇവരെ തൊട്ടടുത്ത ദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ഇവിടെയെത്തിയ ജില്ല പൊലീസ് മേധാവി യുവതിയുടെയും ചികിത്സിക്കുന്ന ഡോക്ടറുടെയും മൊഴിയെടുത്തതോടെ പൊലീസിന് സംശയമുദിച്ചു. തലശ്ശേരിയിൽ താമസിച്ചുവരുന്ന തമിഴ് യുവതി പഴനിയിലെ ലോഡ്ജിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ മാരകമായ പരിക്കേറ്റുവെന്നുമുള്ള വാർത്ത പരന്നതോടെ ഇരുസംസ്ഥാനത്തും അന്വേഷണമായി.
സംഭവം അന്വേഷിക്കാൻ തമിഴ്നാട്ടിലെ ഉന്നത െപാലീസ് ഉദ്യോഗസ്ഥരും തലശ്ശേരിയിലെത്തി. പരാതിക്കാരിയെയും കൂടെയുള്ള യുവാവിനെയും വിളിച്ച് ചോദ്യം ചെയ്തതോടെ തമിഴ്നാട് പൊലീസിനും പന്തികേട് തോന്നി. പഴനിയിൽ നടത്തിയ അന്വേഷണത്തിലും, യുവതി പറഞ്ഞ ലോഡ്ജിൽ അത്തരം പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. കല്യാണം കഴിക്കാതെ കൂടെ താമസിക്കുന്ന യുവാവ് മർദിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗ പരാതി നൽകിക്കുകയായിരുന്നുവത്രെ. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രതിസ്ഥാനത്ത് എത്തുമെന്ന തിരിച്ചറിവിലാണ് ഇരുവരും തലശ്ശേരിയിൽനിന്നും രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.