സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ട വിളയാട്ടം: കൊലക്കുറ്റത്തിന് കേസ്
text_fieldsപറവൂർ: ദീർഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ട വിളയാട്ടത്തിൽ കാർ യാത്രികൻ കുഴഞ്ഞുവീണ് മരിക്കുകയും യുവാവിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് പെർമിറ്റ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി നർമദ എന്ന ദീർഘദൂര ബസ് വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സ്വകാര്യ ബസ് തൊഴിലാളികൾ ഗുണ്ട വിളയാട്ടം നടത്തിയത്. രണ്ട് ബസ് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് പറവൂർ ജോയന്‍റ് ആർ.ടി.ഒ സലിം വിജയകുമാർ പറഞ്ഞു.പെർമിറ്റ് റദ്ദാക്കാൻ മന്ത്രി ആന്‍റണി രാജു നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ വാദവും കേട്ടതിന് ശേഷം മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. കണ്ടക്ടറുടെ ലൈസൻസിന്റെ കാലാവധി 2019ൽ അവസാനിച്ചതായി പരിശോധനയിൽ ബോധ്യപ്പെട്ടതായി ജോയന്റ് ആർ.ടി.ഒ പറഞ്ഞു. ഇതിലും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബഹുഭൂരിപക്ഷം ലിമിറ്റഡ് സ്റ്റോപ് ബസുകളെയും നയിക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് കാലങ്ങളായുള്ള പരാതിയാണ്.ഓർഡിനറി ബസുകളുടെ സമയം കവർന്നെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ നിത്യസംഭവമാണ്. ഇവരെ ഭയന്നാണ് എറണാകുളം- ഗുരുവായൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പോലും സർവിസ് നടത്തുന്നത്. യാത്രക്കാർക്കും നല്ല പെരുമാറ്റം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.