ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിനുള്ളിൽ ആക്രമണം; ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു
text_fieldsതൃശൂര്‍: കൊച്ചിയിലെ ഗുണ്ടാനേതാവ് മരട് അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ മറ്റൊരു ഗുണ്ടാനേതാവ് ആക്രമിച്ചു. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേറ്റ ഇയാളെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ തന്നെ മറ്റൊരു ഗുണ്ടാനേതാവ് അമ്പായത്തോട് അഷ്റഫ് ഹുസൈനാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദനമേറ്റു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമമടക്കം 45 കേസുകളിൽ പ്രതിയുമാണ് മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷ്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്.
ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് കരുതുന്നത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറയുന്നു. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് വാർഡൻ ബിനോയ്ക്ക് പരിക്കേറ്റത്. ബിനോയിയും ചികിത്സയിലാണ്.
ഈ മാസം ഏഴിനാണ് അനീഷിനെ കൊച്ചിയിൽ ആശുപത്രി വളഞ്ഞ് പൊലീസ് പിടികൂടിയത്. 2022ൽ തൃക്കാക്കര സ്റ്റേഷൻ അതിർത്തിയിലെ കൊലപാതകശ്രമ കേസിലും കഴിഞ്ഞ ഒക്ടോബർ 31ന് പനങ്ങാട് സ്റ്റേഷൻ അതിർത്തിയിലെ തട്ടിക്കൊണ്ടുപോകൽ കേസിലും ഇയാളെ അന്വേഷിക്കുകയായിരുന്നു പൊലീസ്.
ആഴ്ചകൾക്ക് മുമ്പാണ് വിയ്യൂർ ജയിലിലെ അതിസുരക്ഷ േബ്ലാക്കിൽ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് കാട്ടുമണി രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾ ഏറ്റുമുട്ടിയത്. അഡീഷനൽ പ്രിസൺ ഓഫിസറെ മർദിക്കുകയും ഗാർഡ് ഓഫിസും ടെലഫോൺ ബൂത്തും തകർക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.