'പാർട്ടിയും നടന്നിട്ടില്ല, അങ്ങനെ ഒരു ഡി.വൈ.എസ്.പി വന്നിട്ടുമില്ല'; എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് തമ്മനം ഫൈസൽ
text_fieldsകൊച്ചി: പൊലീസുകാർക്കായി തന്റെ വീട്ടിൽ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ പറഞ്ഞു. ആരോപണ വിധേയനായ ഡി.വൈ.എസ്.പി എം.ജി സാബുയെ അറിയുമില്ല, അങ്ങനെ ഒരാളെ തന്റെ വീട്ടിൽ നിന്ന് പിടിച്ചിട്ടുമില്ലെന്ന് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.
തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിന് പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി.സാബുവിനെയും മറ്റുമൂന്ന് പൊലീസുകാരെയും അങ്കമാലി പൊലീസ് കൈയോടെ പൊക്കിയിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിവൈ.എസ്.പിക്കും മറ്റൊരു പൊലീസുകാരനുമെതിരെ വകുപ്പുതല അന്വേഷണത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തമ്മനം ഫൈസലിന്റെ പ്രതികരണം.
"വീട്ടിൽ മൂന്ന് പേർ ആദ്യം വന്നു. പിറകെ ഒരുവണ്ടി പൊലീസുകാർ വന്നു. എന്നോടും അവരോടും സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. ഞാൻ എവിടെയെല്ലാം പോയെന്നും വീട്ടിൽ താമസക്കാർ ആരെല്ലാമാണെന്നൊക്കെയാണ് ചോദിച്ചത്. പത്തുമിനിറ്റിനകം വിടുകയും ചെയ്തു. വീട്ടിൽ പാർട്ടി നടത്തിയിട്ടില്ല, സസ്പെൻഷനിലായ ഡി.വൈ.എസ്.പിയെ അറിയുക പോലുമില്ല. ഞാൻ കരുതൽ തടങ്കലിലാണെന്ന് പറയുന്നത് കേൾക്കുന്നു. എന്നാൽ എനിക്കറിയില്ലെന്നും ഇവിടെ എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയുകയില്ല"- ഫൈസൽ പറഞ്ഞു.
ഗുണ്ടാ നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സി.ഐയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പരിശോധന നടന്ന് വരുമ്പോഴാണ് ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്ന് ശ്രദ്ധയിൽപെട്ടത്. ഫൈസലിന്റെ വീട്ടിൽ നാല്പേർ സ്വകാര്യ വാഹനത്തിൽ എത്തിയതറിഞ്ഞ് അങ്കമലി പൊലീസ് നടത്തിയ പരിശോധനയിലാണ് പൊലീസുകാർ കുടുങ്ങിയത്. പൊലീസിനെ കണ്ട ഡി.വൈ.എസ്.പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാർ ചിതറിയോടി.
അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡി.വൈ.എസ്.പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. മുൻ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന സാബു അടുത്തമാസം വിരമിക്കാനിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.