നായ് പരിശീലന കേന്ദ്രത്തിലെ കഞ്ചാവ് കച്ചവടം: കാക്കി കണ്ടാൽ കടിക്കാൻ നായ്ക്കളെ പരിശീലിപ്പിച്ച് പ്രതി- റോബിൻ
text_fieldsകുമാരനെല്ലൂർ: കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതി റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാൽ കടിക്കാൻ. ബി.എസ്.എഫിൽനിന്ന് വിരമിച്ച ആളുടെ അടുത്തുനിന്നാണ് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കാൻ പഠിച്ചത്. മൂന്നുമാസത്തോളം അവിടെയുണ്ടായിരുന്നു. കാക്കിയിട്ടവരെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നതെങ്ങനെ എന്നതരത്തിൽ ചോദിച്ചതിനെ തുടർന്ന് പരിശീലന സ്ഥലത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളും സഹായിയും കാക്കി കൈയിൽ ചുറ്റിയും മറ്റും ആക്രമിക്കാൻ നായ്ക്ക് പരിശീലനം നൽകുന്നതിന്റെ വിഡിയോകളും പുറത്തുവന്നു.
ഒന്നരവർഷം മുമ്പാണ് ചെങ്ങന്നൂർ സ്വദേശിയുടെ വീട് വാടകക്കെടുത്ത് കുമാരനെല്ലൂരിൽ ഡോഗ് ഹോസ്റ്റൽ തുടങ്ങിയത്. വീടിനു മുന്നിലെ ഷെഡിലാണ് നായ്ക്കളെ പാർപ്പിച്ചിരുന്നത്. പൊലീസ് അടുക്കാതിരിക്കാൻ രണ്ടു നായ്ക്കളെ മുറിക്കകത്തും കെട്ടിയിട്ടു. ഉടമകൾ തങ്ങളുടെ വീട് പൂട്ടി പുറത്തുപോകുമ്പോൾ പട്ടികളെ പരിപാലിക്കുന്നതിന് ഇയാളുടെ ഡോഗ് ഹോസ്റ്റലിലാണ് ഏൽപിച്ചിരുന്നത്. 1000 രൂപയാണ് ഒരുദിവസത്തേക്ക് ഫീസ്. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. റോബിന്റെ ഗർഭിണിയായ ഭാര്യ ഉണ്ടായിരുന്നതിനാൽ റെയ്ഡ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായംതേടി. സ്വന്തം നായെ പരിശീലിപ്പിക്കുന്നതിന് ഇദ്ദേഹം സ്ഥാപനത്തില്‍ എത്തുകയും നിരീക്ഷണം നടത്തി കഞ്ചാവ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽനിന്ന് സെർച് വാറന്റ് വാങ്ങിയാണ് റെയ്ഡിനെത്തിയത്.
നാട്ടുകാർക്ക് പേടിസ്വപ്നമായി ഡെല്‍റ്റ കെ 9
അമേരിക്കൻ ബുള്ളി, കെയിൻ കോർസോ, ബെൽജിയൻ മെലനോയിസ് അടക്കം നായ്ക്കളാണ് ഇവിടെ ഉണ്ടായിരുന്നത്
വീടിന് നാലുചുറ്റും മതിൽക്കെട്ട്. അകത്ത് കുരച്ചുചാടി നടക്കുന്ന മുന്തിയ ഇനം നായ്ക്കൾ. രാത്രി മുഴുവൻ ഇവയുടെ കുരയും വാഹനങ്ങളുടെ വരവും. കുമാരനെല്ലൂരിലെ നായ് പരിശീലനകേന്ദ്രം മൂലം സമീപവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായി. ഈ കേന്ദ്രം അടിമുടി ദുരൂഹതകൾ നിറഞ്ഞ ഇടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമേരിക്കൻ ബുള്ളി, കെയിൻ കോർസോ, ബെൽജിയൻ മെലനോയിസ്, ജർമൻ ഷെപ്പേഡ്, ബീഗിൾ, ലാബ്രഡോർ ഇനത്തിൽപെട്ട ആക്രമണകാരികളായ നായ്ക്കളാണ് ഇവിടെയുള്ളത്. വീടിനു മുന്നിലൂടെ പേടിച്ചാണ് നാട്ടുകാർ സഞ്ചരിച്ചിരുന്നത്.
ഒരിക്കൽ നായ്ക്കൾ കൂട്ടത്തോടെ അയൽവാസിയായ വീട്ടമ്മക്കുപിറകെ ഓടി. അപ്പുറത്തെ വീടിന്റെ ഗേറ്റ് കടന്നാണ് അവർ രക്ഷപ്പെട്ടത്. ചിലപ്പോൾ വീടുകളിലേക്ക് ഓടിക്കയറും. കുട്ടികൾ ഉള്ളതിനാൽ പേടിച്ച് പലരും പരാതിയുമായി കൗൺസിലറുടെ അടുത്തെത്തി. തുടർന്ന് കൗൺസിലർ എം.ടി. മോഹനനും നാട്ടുകാരും ചേർന്ന് റോബിന്റെ അടുത്തെത്തി. നായ്ക്കളുടെ കാര്യം താൻ നോക്കിക്കോളാം എന്നായിരുന്നു രോഷത്തോടെ മറുപടി. സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് അറിഞ്ഞതോടെ റെസിഡന്റ്സ് അസോ. മുഖേന നഗരസഭക്ക് പരാതി നൽകിയിരുന്നു. വീട്ടുടമയോടും പരാതി പറഞ്ഞിരുന്നു. നാട്ടുകാരുമായി അടുപ്പം ഉണ്ടായിരുന്നില്ല റോബിന്. പുലർച്ചവരെ വാഹനങ്ങളിൽ ചെറുപ്പക്കാർ എത്താറുണ്ട്. ആദ്യകാലത്ത് റോബിന്റെ ഭാര്യയും സഹായികളും ഇവിടെയുണ്ടായിരുന്നു. ഗർഭിണിയായതോടെ ഭാര്യ വീട്ടിലേക്കുമടങ്ങി. സ്ത്രീകള്‍ അടക്കം രാത്രി എത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.