മാലിന്യശേഖരണം: ഹരിതകർമസേന യൂസർ ഫീസ് പുനർനിർണയിച്ചു
text_fieldsപാലക്കാട്: അജൈവ-ജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനാംഗങ്ങൾ ഈടാക്കുന്ന യൂസർ ഫീസ് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാൻ അംഗീകാരം നൽകി കുറഞ്ഞ നിരക്ക് നിശ്ചയിച്ചു. നിലവിലെ വരുമാനമനുസരിച്ച് ഹരിതകർമസേനാംഗങ്ങൾക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ലെന്ന സാഹചര്യത്തിലാണ് യൂസർഫീ പുനർനിർണയിച്ച് തദ്ദേശവകുപ്പ് ഉത്തരവിറങ്ങിയത്.
ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് പ്രതിമാസം 50 രൂപ, നഗരസഭകളിൽ പ്രതിമാസം കുറഞ്ഞത് 70 രൂപ എന്ന നിരക്ക് തുടരും. സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100 രൂപയായി തുടരുമെങ്കിലും ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടുത്താൻ ഭരണസമിതിക്ക് തീരുമാനിക്കാം. നിശ്ചയിക്കുന്ന നിരക്ക് ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം.
വലിയ അളവിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം അഞ്ചു ചാക്ക് മാലിന്യം വരെ കുറഞ്ഞത് 100 രൂപ ഈടാക്കാം.
പിന്നീടുള്ള ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപ അധികം ഈടാക്കാം. ചാക്കിന്റെ പരമാവധി വലുപ്പം 65x80 സെ.മീ. ആകണമെന്നും നിഷ്കർഷിച്ചു. ജൈവമാലിന്യം ശേഖരിക്കുന്നയിടങ്ങളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് തൂക്കത്തിന് ആനുപാതികമായി തുക ഈടാക്കാം. ഓരോ കിലോ ജൈവമാലിന്യം ശേഖരിക്കാൻ കുറഞ്ഞ തുക ഏഴു രൂപയായി നിശ്ചയിക്കും.
സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയർന്ന നിരക്ക് നിശ്ചയിക്കാം. കുടിശ്ശിക വസ്തു നികുതി ഈടാക്കുന്നതുപോലെ ഈടാക്കണം. ഓരോ മാസവും ഈടാക്കുന്ന തുക തൊട്ടടുത്ത മാസത്തെ അഞ്ചാമത്തെ പ്രവൃത്തിദിവസത്തിനുള്ളിൽ ഹരിതകർമസേന കൺസോർട്യം അക്കൗണ്ടിലേക്ക് കൈമാറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.