മാലിന്യക്കൂമ്പാരം; കോടികളുടെ മതിപ്പുള്ള സ്ഥലം നശിക്കുന്നു
text_fieldsതൃശൂർ: നഗരമധ്യത്തിലെ ഒരേക്കറിലേറെയുള്ള കണ്ണായ സ്ഥലം. കോടികൾ വിലമതിക്കുന്ന ഈ സ്ഥലത്താണ് നഗരത്തിന്റെ മാലിന്യം ശേഖരിക്കുന്നത്. ജനസാന്ദ്രത ഏറെയുള്ള മധ്യകേരളത്തിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് നഗരത്തിന്റെ ഈ മാലിന്യത്തൊട്ടി. നൂറുകണക്കിന് യാത്രക്കാരും മത്സ്യ-പച്ചക്കറി മാർക്കറ്റിൽ പ്രതിദിനമെത്തുന്നവരും വിവിധ വ്യാപാര സ്ഥാപനങ്ങളുമൊക്കെയായി നഗരം പടർന്നുപന്തലിച്ച ശക്തൻ ബസ് സ്റ്റാൻഡിന് സമീപമാണ് ജൈവ-അജൈവ മാലിന്യമല ഉയരുന്നത്. മഴയിൽ അലിഞ്ഞ് വെയിലിൽ ഉണങ്ങി അങ്ങനെ മാലിന്യം കുമിയുകയല്ലാതെ സംസ്കരണത്തിന് കോർപപറേഷന് ഒരുനടപടിയുമില്ല. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണകാലത്തും ഭരണത്തുടർച്ച ലഭിച്ചിട്ടും കോർപറേഷൻ അനങ്ങാപ്പാറ നയം തുടരുകയാണ്.
കോടികളുടെ മൂല്യമുള്ള സ്ഥലം മാലിന്യം ഇട്ട് നശിപ്പിക്കുന്നത് മാത്രമല്ല, രോഗം മൂളിപ്പറക്കുന്ന ഇവിടെ ജനത്തിന് അനാരോഗ്യകരമായ പ്രവണതകൾ വർഷങ്ങളായി തുടരുകയാണ്. ഇടക്കിടെ മാലിന്യ സംസ്കരണ പദ്ധതികൾ പഠിക്കുന്നതിന് വിവിധ സ്ഥലങ്ങളിലേക്ക് പറക്കുകയല്ലാതെ ഒരുപദ്ധതിയും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. ജൈവവസ്തുക്കളുടെ ഹിമാലയൻ കൂമ്പാരം ഒരുഭാഗത്ത്. അജൈവ വസ്തുക്കളുടെ വലിയ ശേഖരം മറുഭാഗത്ത്. സ്ഥലം ഏതാണ്ട് പൂർണമായും തിങ്ങിനിറഞ്ഞ സാഹചര്യമാണുള്ളത്. ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഴയ വാഹനങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന പട്ടാളംകൂടിയുണ്ട്. അവിടെയുള്ളവർ രൂക്ഷ നാറ്റവും മറ്റു പ്രശ്നങ്ങളാലും പൊറുതിമുട്ടുകയാണ്.
മാലിന്യസംസ്കരണത്തിന് നയം പോലുമില്ലാത്തതാണ് കാര്യങ്ങൾ കുഴക്കുന്നത്. കോർപറേഷൻ ആരോഗ്യവിഭാഗം ഇക്കാര്യത്തിൽ പരാജയവുമാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പകർച്ചവ്യാധികളും ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ നഗരത്തിലടക്കം കൂടുമ്പോൾ മാലിന്യമല അങ്ങനെതന്നെ നിലനിൽക്കുന്നു. തെരുവുനായ്ക്കളും എലിയും പെരുച്ചാഴിയും കൊതുകുമൊക്കെ വിഹരിക്കുന്ന ഇവിടം തീർത്തും രോഗങ്ങളുടെ പ്രഭവകേന്ദ്രമാണ്. എന്നിട്ടും ഒരു മതിൽക്കെട്ടിന്റെ മറവിൽ ഇതിന് ചുറ്റം വഴിയോരക്കച്ചവടക്കാർ അടക്കം ജീവിതത്തിനായി പരക്കം പായുകയാണ്.
നേരത്തേ നഗരത്തിന്റെ മാലിന്യം തമിഴ്നാട്ടിലേക്ക് വിറ്റിരുന്ന സാഹചര്യമുണ്ടായിരുന്നു. ഒപ്പം നിലവിൽ മാലിന്യം കൂട്ടിയിടുന്ന സ്ഥലത്തിന് സമീപം മാലിന്യസംസ്കരണ പദ്ധതിയും നടപ്പാക്കിയിരുന്നു. എന്നാൽ, ഇന്ന് അവയൊന്നും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു പോലുമില്ല. വിവിധ പദ്ധതികൾക്ക് കോടികൾ വകയിരുത്തുമ്പോഴാണ് നഗരത്തിന്റെ ആരോഗ്യം കാക്കാൻ പദ്ധതികളൊന്നും തയാറാക്കാതെ അധികൃതർ മുന്നോട്ടുപോകുന്നത്. മാലിന്യം ഇവിടെ മാത്രമല്ല, വിവിധ കേന്ദ്രങ്ങളിലും തോന്നിയപോലെ കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇതിന് ഒരു നിയന്ത്രണവുമുല്ല. ഇനിയും കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ പകർച്ചവ്യാധികളുടെ പറുദീസയായി നഗരം മാറുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.