നൂറിലേറെ ആളുകളുടെ പരിപാടിക്ക് മാലിന്യ ഫീസ്
text_fieldsതിരുവനന്തപുരം: നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ, വിവാഹങ്ങൾ, യോഗങ്ങൾ എന്നിവ നടത്താൻ ഇനി മാലിന്യസംസ്കരണ ഫീസ് അടക്കണം. മൂന്നു ദിവസം മുമ്പെങ്കിലും വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപടികൾക്കും ഇതു ബാധകമാണ്. മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴത്തുകയും കൂട്ടി.
കർശന നടപടി ഉറപ്പാക്കുന്ന ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും. അംഗൻവാടി ഒഴികെ എല്ലാ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഉടൻ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിലെ മാലിന്യം തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന ഫീസ് നൽകി ചുമതലപ്പെടുത്തിയ ഏജൻസികൾക്കോ മാലിന്യം ശേഖരിക്കുന്നവർക്കോ കൈമാറാനാണ് നിർദേശം. തദ്ദേശസ്ഥാപനങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽനിന്ന് ഒഴിവാക്കാം. അത് 10 ശതമാനത്തിൽ കൂടാൻ പാടില്ല. ഗ്രാമസഭകൾ ചേർന്ന് തീരുമാനം എടുക്കാം. മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതുയിടങ്ങളിൽ കൂടുതൽ കാമറ സ്ഥാപിക്കും. മുഴുവന്‍ വാര്‍ഡിലും ചെറുമാലിന്യ സംഭരണ കേന്ദ്രങ്ങൾ നവംബര്‍ ഒടുവിലോടെ നിലവില്‍വരും. തദ്ദേശസ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ്, വികസന ഗ്രാന്റ് എന്നിവ ലഭ്യമാക്കുന്നതിന് മാലിന്യസംസ്കരണ പുരോഗതി കൂടി കണക്കിലെടുക്കും. പന്നി ഫാമുകള്‍ക്ക് ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും ശേഖരിക്കാന്‍ നിയമാനുസൃതം സംവിധാനം ഉണ്ടാകും. എന്നാല്‍, ഫാമിന്റെ മറവില്‍ മാലിന്യം വന്‍തോതില്‍ സമാഹരിച്ച് പൊതുസ്ഥലത്ത് തള്ളുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും. വലിയ മാലിന്യ ഉൽപാദകരുടെ നിയമ ലംഘനം പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തും. നവംബറോടെ എല്ലാ നഗരങ്ങളിലും പ്രധാന റോഡുകളില്‍ 500 മീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനത്തോടെ അജൈവ മാലിന്യം സംഭരിക്കാൻ ബിൻ സ്ഥാപിക്കും.
മാലിന്യത്തിൽനിന്ന് സമ്പത്ത് എന്ന കാഴ്ചപ്പാടിൽ സ്വകാര്യ സംരംഭകരുടെ അടക്കം പങ്കാളിത്തത്തോടെ വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി തയാറാക്കും. ആയിരത്തോളം കോടി രൂപ ഒരുവർഷം സ്വരൂപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.