മാലിന്യമുക്തം നവകേരളം; സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ
text_fieldsതിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലെ മൂന്നുലക്ഷം അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി അടുത്ത ഫെബ്രുവരി 15ന് സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.
വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുത്ത നാല്പതിനായിരത്തോളം കുടുംബശ്രീ വളന്റിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീയുടെ പുതിയ ചുവടുവെപ്പാണ് ഹരിത അയല്‍ക്കൂട്ടങ്ങളുടെ രൂപവത്കരണം.
അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്കരണ രീതികള്‍, നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, അയല്‍ക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതുസ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, ശുചിത്വമുള്ള പാതയോരങ്ങള്‍ സൃഷ്ടിക്കാൻ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ് തല ഗ്രേഡിങ്ങും പൂര്‍ത്തിയാക്കും.
ഡിസംബര്‍ 30നു മുമ്പ് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ട സര്‍വേയില്‍ 60 ശതമാനത്തില്‍ താഴെ സ്കോര്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച് നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.