കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് മാലിന്യം; ആതുരാലയം ആരോഗ്യഭീഷണിയിൽ
text_fieldsകോട്ടക്കൽ: ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന ആതുരാലയത്തിന്റെ ഒരു മതിൽക്കെട്ടിനപ്പുറം കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് മാലിന്യം. ഇതോടെ ആരോഗ്യഭീഷണിയിൽ പ്രവൃത്തിക്കുകയാണ് കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം. നഗരസഭക്ക് കീഴിലുള്ള സി.എച്ച് ഓഡിറ്റോറിയത്തിന്റെ വളപ്പിലാണ് മുഴുവൻ വാർഡുകളിലെയും വീടുകളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.
മാലിന്യങ്ങൾ തരം തിരിക്കാൻ ഏറ്റെടുത്തവരുടെ കരാർ ഡിസംബർ 28ന് അവസാനിച്ചതാണ് ആയുർവേദനഗരത്തെ ആരോഗ്യഭീഷണിയിലാക്കിയിരിക്കുന്നത്. നിലവിൽ 35ഓളം ഹരിത കർമസേന പ്രവർത്തകരാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. പ്ലാസ്റ്റിക് ഏറ്റെടുക്കുന്നതിനായി പുതിയ കരാറുകാർ എത്തിയിട്ടുണ്ടെങ്കിലും കൗൺസിൽ അംഗീകാരം നൽകേണ്ടതുണ്ട്. കരാറുകാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രം തുടർനടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. അതേസമയം, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരസഭയുടെ അധീനതയിലുള്ള മൈലാടി പ്ലാന്റ് തുറന്നുകൊടുക്കാൻ ജില്ല കലക്ടർ മുൻകൈയെടുത്ത് നടന്ന ചർച്ചകൾക്ക് പരിഹാരമാകാത്തതും തിരിച്ചടിയായി. 32 വാർഡുകളുള്ള കോട്ടക്കലിൽ 16 വീതം വാർഡുകളിലെ മാലിന്യങ്ങൾ മൈലാടിയിലും ഓഡിറ്റോറിയം വളപ്പിലും വേർതിരിക്കാനായിരുന്നു തീരുമാനം.
വീടുകളിലെ ഉപഭോഗം കൂടിയതോടെ ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കാൻ നിലവിലെ ആറ് സെന്റ് ഭൂമി തികയാത്ത സാഹചര്യമാണ്. അംഗീകാരം ലഭിച്ച 64 ലക്ഷം രൂപയുടെ എം.സി.എഫ് പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് നഗരസഭയെന്ന് അധ്യക്ഷ ഡോ. കെ. ഹനീഷ അറിയിച്ചു. അതേസമയം, നിറഞ്ഞ് കിടക്കുന്ന മാലിന്യക്കൂമ്പാരം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുക. ഓഡിറ്റോറിയം, പൊലീസ് സ്റ്റേഷൻ, നഗരസഭ കാര്യാലയം, വ്യാപാര സ്ഥാപനങ്ങൾ, തിയറ്റർ എന്നിവക്ക് സമീപമുള്ള പ്രദേശം അപകട സാധ്യതക്കും വഴിവെക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് എം.സി.എഫിന് പുറത്ത് സൂക്ഷിച്ചിരുന്ന മാലിന്യത്തില്‍ തീ പിടിച്ച് ഏകദേശം 700 കിലോയോളം ഉൽപന്നങ്ങൾ നശിച്ചിരുന്നു.
വലിച്ചെറിയൽ വിരുദ്ധ വാരത്തിന് തുടക്കം
കോട്ടക്കൽ: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന് തുടക്കമായി. വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോ. ഹനീഷ നിർവഹിച്ചു. നഗരസഭ നൽകിയ ജൈവമാലിന്യ സംസ്കരണ ഉപാധികളായ ബയോ ബിൻ, റിങ് കമ്പോസ്റ്റ് യൂനിറ്റ് എന്നിവ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് ചെയർപേഴ്സൻ ആവശ്യപ്പെട്ടു. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.