സ്റ്റാൻഡിൽ പൂന്തോട്ടവും പച്ചക്കറി കൃഷിയും; നെയ്യാറ്റിന്‍കരയിലെ ഈ ഓട്ടോ ഡ്രൈവർമാർ പൊളിയാട്ടോ...
text_fieldsനെയ്യാറ്റിന്‍കര: പ്രകൃതിയെ സ്‌നേഹിച്ചും വരുമാനത്തിന്റെ നല്ലൊരു വിഹിതം സേവന പ്രവര്‍ത്തനത്തിന് വിനിയോഗിച്ചും നെയ്യാറ്റിന്‍കര ടൗണിലെ ഓട്ടോ ഡ്രൈവർമാർ. നെയ്യാറ്റിന്‍കര ഡൗണിലെ ഓട്ടോ സ്റ്റാൻഡിലെത്തിയാല്‍ പലര്‍ക്കും ആദ്യ നോട്ടത്തില്‍ തോന്നുന്നത് ഇതൊരു കൃഷിത്തോട്ടമാണോ എന്നാണ്. അതിന് മറുപടിയും ഇവിടത്തെ ഡ്രൈവറന്‍മാര്‍ തന്നെ പറയും; സോവനത്തിനുള്ള വരുമാനം കണ്ടെത്തുന്നതിനാണ് ഈ കൃഷിയെന്ന്.
ഒരു വര്‍ഷം മുമ്പ് കോവിഡ് കാലത്ത് തുടങ്ങിയതാണ് നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സ് കെട്ടിടത്തിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ കൃഷി. വാഴകൃഷി മുതല്‍ ഫാഷന്‍ ഫ്രൂട്ട് വരെ ഇവിടെയുണ്ട്. ഇരുപതിലേറെ പച്ചക്കറികളും അതിലേറെ ചെടികളും ഓട്ടോ ഡ്രൈവർമാരുടെ തോട്ടത്തിലുണ്ട്. വാഴയും കത്തിരിക്കയും വെണ്ടക്കയും ചീരയുമെല്ലാം വിളവെടുപ്പിന് പാകമായി നിൽക്കുന്നു. 75ലേറെ ഓട്ടോ ഡ്രൈവറന്‍മാരുടെ ഒരുമയോടെയുള്ള അധ്വാനത്തിന്‍റെ ഫലമാണ് ഈ കൃഷിത്തോട്ടമെന്ന് ഇവര്‍ പറയുന്നു.
രാവിലെ എത്തുന്നവര്‍ ആദ്യം ഓട്ടോ ഓടുന്നതിന് മുമ്പ് കൃഷിത്തോട്ടത്തിലെത്തി വെള്ളമൊഴിക്കും. വൈകീട്ടും കൃത്യമായി ചെടികൾക്ക് വെള്ളമൊഴിക്കും. അക്ഷയാ കോംപ്ലക്‌സ് വളപ്പില്‍ പ്ലാവും മാവുമുള്‍പ്പെടെ ഇവര്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളുടെ വരുമാനം ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായാണ് വിനിയോഗിക്കുന്നത്. ഓരോ ഓട്ടോയും നിര്‍ത്തിയിട്ടിരിക്കുന്നതിന് മുന്നില്‍ പച്ചക്കറി കൃഷിയും വിവിധ വര്‍ണത്തിലുള്ള പൂവുകളും കണാം. വരുമാനത്തിനുള്ള ഓട്ടം ലഭിക്കാതെ വിഷമിച്ച് നില്‍ക്കുമ്പോഴും സ്റ്റാൻഡിൽ നില്‍ക്കുമ്പോള്‍ ഏറെ സന്താഷമെന്നാണ് ഡ്രൈവറന്‍മാര്‍ പറയുന്നത്. റോഡരികിലെ കൃഷിയുടെ വിളവ് കണ്ടും പലരുമെത്തി പച്ചക്കറികളും ആവശ്യപ്പെടാറുണ്ട്.
ഇവിടെയും തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം. ഉച്ചയാകുന്നതോടെ വിശന്ന് വലഞ്ഞെത്തുന്നവര്‍ക്ക് പയറും കഞ്ഞിയും ഇവിടെയുണ്ടാകും. ഡ്രൈവർമാർ അവരുടെ വരുമാനത്തില്‍ നിന്നു ചെറിയൊരു തുക മാറ്റിവെച്ചാണ് ഇതിനായി പണം കണ്ടെത്തുന്നത്. പ്രദേശത്തെ വഴിയോര കച്ചവടക്കാരും വിശന്ന് വലയുന്നവരും ഇവിടെയെത്തി ഭക്ഷണം കഴിച്ചാണ് മടങ്ങുന്നത്. വിശേഷ ദിവസങ്ങളിലും ഡ്രൈവർമാരുടെ വീട്ടിലെ ആഘോഷ ദിനങ്ങളിലും ബിരിയാണിയും സദ്യയുമുള്‍പ്പെടെ പ്രത്യേക ആഹാരവുമുണ്ടാകും.
ഓട്ടം പോകുന്നതിലും കൃത്യമായ മാനദണ്ഡമുണ്ട്. ആദ്യമെത്തുന്ന ഡ്രൈവറന്‍മാര്‍ ഓട്ടം പോയതിന് ശേഷമെ മറ്റുള്ളവര്‍ക്ക് അവസരമുള്ളു. ഓട്ടോ സ്റ്റാൻഡിൽ ഇതിനായി മണി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. പുറകില്‍കിടക്കുന്ന ഡ്രൈവറന്‍മാരെ ഓട്ടം വിളിക്കാനെത്തിയാല്‍ മുന്നില്‍ക്കിടക്കുന്നവരെ മണിയടിച്ച് വിളിച്ച് വരുത്തും. ഇതിനായി നീളത്തില്‍ കയര്‍ കെട്ടിയിട്ടുണ്ട്. വ്യാപാരികളുടേതുള്‍പ്പെടെ നിരവധി അംഗീകരങ്ങളാണ് ഡ്രൈവർമാരെ തേടിയെത്തിയത്. സേവനമാണ് ജീവിതമെന്നാണ് ഇവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.