ഗ്യാസ് കണക്ഷന് മസ്റ്ററിങ്: എജൻസികളിൽ തിരക്ക്; ദുരിതം
text_fieldsകോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന് മസ്റ്ററിങ്ങിന് (ഇ.കെ.വൈസി അപ്ഡേഷന്) ഗ്യാസ് എജൻസികളിൽ തിരക്ക്.
അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ എജൻസികളിലേക്ക് എത്തുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ അടുത്തമാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.
കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് വയോധികരെയും രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാൽ ഇവർ നേരിട്ട് ഏജൻസി ഓഫിസുകളിൽ എത്തേണ്ട സ്ഥിതിയാണ്.
ഓൺലൈനിലൂടെയും വിവരങ്ങൾ പുതുക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിർന്നവർക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്. ഏജന്‍സികള്‍ ഓണ്‍ലൈനിലുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചാണ് മസ്റ്ററിങ് നടത്തുന്നത്.
പലപ്പോഴും ഇന്റർനെറ്റ് തടസ്സപ്പെടുന്നത് നടപടി വൈകാൻ ഇടയാക്കുന്നുണ്ട്. മസ്റ്ററിങ് നടത്താനെത്തുന്നവരില്‍ ഏറെപ്പേരുടെയും ബുക്കിലെ പേര് മാറ്റേണ്ട സാഹചര്യമാണ്. നിലവിലുള്ള ഉടമ മരണപ്പെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാല്‍ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാതെ മസ്റ്ററിങ് നടത്താനാവില്ല. ഇവർ ഇതും ചെയ്യേണ്ടിവരുന്നു. ഇതും വൈകലിന് കാരണമാകുന്നു.
ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അപ്ഡേഷന് പൂര്‍ത്തിയാകുമ്പോള്‍ കണക്ഷന് എടുത്ത വേളയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇ.കെ.വൈ.സി അപ്ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷന് എടുത്തവര്‍ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കില്‍ മറ്റൊരാളുടെ പേരില്‍ കണക്ഷന് മാറ്റിവേണം മസ്റ്ററിങ് നടത്താന്‍.
മരണപ്പെട്ടവരുടെ പേരിലാണ് കണക്ഷനെങ്കില്‍ അവകാശിയുടെ പേരിലേക്ക് മാറ്റിവേണം മസ്റ്ററിങ് പൂർത്തിയാക്കാൻ. ഗ്യാസ് കണക്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ഫോണ്‍ എന്നിവ കൂടി ഉപഭോക്താക്കൾ കൈവശം കരുതണം.
അതേസമയം, ചെറുപ്പക്കാരിലധികവും വിതരണ കമ്പനികളുടെ ആപ്പിലൂടെയാണ് മസ്റ്ററിങ് നടത്തുന്നത്. ഇതിനായി കമ്പനികളുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്നേഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ഇതിലൂടെ വേഗത്തിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്നതായി ഇവർ പറയുന്നു. എന്നാൽ, ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് ഫോണിൽ സന്ദേശം ലഭിക്കാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.
ഇതിൽ വ്യക്തത നൽകാൻ ഗ്യാസ് എജൻസികൾക്കും കഴിയുന്നില്ല. ആപ്പിൽ തന്നെ മസ്റ്ററിങ് പൂർത്തിയാക്കിയെന്ന സന്ദേശം ലഭിക്കുന്നതിനാൽ മറ്റ് പ്രശ്നങ്ങൾക്ക് ഇടയില്ലെന്നാണ് ഇവർ പറയുന്നത്.
അതേസമയം, ഗ്യാസ് കണക്ഷന് മസ്റ്ററിങ്ങിന് തിരക്ക് കൂട്ടേണ്ടതില്ലെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു. അവസാന തീയതി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.