പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, പുതപ്പിട്ട് മൂടാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല; വീട് കത്തി നശിച്ചു
text_fieldsആലുവ: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പുതപ്പ് ഉപയോഗിച്ച് സിലിണ്ടർ മൂടുവാൻ ശ്രമിച്ചിട്ടും വിജയിച്ചില്ല. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് തായിക്കാട്ടുകര എസ്.എൻ പുരത്ത് റോബിനും കുടുംബവും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം. കാരോത്തുകുഴി അഡ്വ. ഷംസുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. റോബിനും കുടുംബവും അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത് പാചകം തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ റെഗുലേറ്ററിന്റെ ഭാഗത്ത് ചെറിയതോതിൽ തീപിടിക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന് റോബിൻറെ ഭാര്യ കുട്ടിയുമായി പുറത്തേക്കിറങ്ങി. റോബിൻ വീട്ടിലുള്ള പുതപ്പ് ഉപയോഗിച്ച് സിലിണ്ടർ മൂടുവാൻ ശ്രമിച്ചു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടതോടെ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. ഇതിന് തൊട്ടുപിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീടും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും 90 ശതമാനത്തോളം കത്തി നശിച്ചു.
മുൻവശത്തെ രണ്ട് മുറികൾ കോൺക്രീറ്റും അടുക്കളയടക്കമുള്ള മറ്റു ഭാഗങ്ങൾ ഓടിട്ടതുമാണ്. ഓടിട്ട ഭാഗത്താണ് തീപിടിത്തം കൂടുതലുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ ഏറെ പാടുപെട്ടാണ് തീയണച്ചത്.
ആലുവയിൽനിന്നും അഗ്നി രക്ഷാസേന വന്നെങ്കിലും ചെറിയ വഴിയിലെ തടസങ്ങൾ മൂലം ഇവിടെ എത്തിപ്പെടാൻ ഏറെ സമയമെടുത്തു. അതിന് മുൻപേ തീ അണച്ചിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വർഷത്തോളമായി കുടുംബം ഇവിടെ താമസിച്ചുവരുന്നു. വീട്ടുപകരണങ്ങളെല്ലാം നശിച്ചുവെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.