വാതക പൈപ്പ്ലൈന്: വിട്ടുകൊടുക്കുന്ന ഭൂമിക്ക് രേഖ നൽകുന്നില്ല
text_fieldsതൃശൂർ: വാതക പൈപ്പ്ലൈൻ പദ്ധതിക്കായി വിട്ടുകൊടുത്ത ഭൂമിക്ക് അഞ്ചുവർഷം കഴിഞ്ഞിട്ടും രേഖകൾ നൽകാതെ ഗെയിൽ ജനത്തെ വലക്കുന്നു. ഏഴ് ജില്ലകളിൽ സർവേക്കുശേഷം കൃത്യമായ നടപടികൾ സ്വീകരിക്കാതെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനാണ് ആദ്യം മുതലേ ശ്രമം നടന്നത്. ആവശ്യമായ ഭൂമിയുടെ അളവ്, നാല് അതിരുകൾ, നഷ്ടപരിഹാര തുക എന്നിവ അടങ്ങിയ കൃത്യമായ രേഖയാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകേണ്ടത്.
ഇതിനായി കേന്ദ്രസർക്കാർ േകാമ്പിറ്റൻറ് അതോറിറ്റിയെ നിയമിച്ചു. എന്നാൽ, ഭൂമിയിലെ വൃക്ഷങ്ങളും കെട്ടിടങ്ങളും അടക്കമുള്ള വസ്തുക്കൾക്ക് രേഖ നൽകിയെങ്കിലും ഭൂമിരേഖ മാത്രം നൽകിയില്ല. നൽകിയ ഭൂമിക്ക് നഷ്ടപരിഹാരത്തുക കുറഞ്ഞാൽ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ പരാതി നൽകാനാകൂ. കോമ്പിറ്റൻറ് അതോറിറ്റി നൽകിയ തുക അധികമാണെങ്കിൽ ഗെയിലിനും പരാതി നൽകാം. ജില്ല കോടതിയിൽ നൽകേണ്ട പരാതിക്ക് പേക്ഷ ഏറ്റെടുത്ത ഭൂമിയുടെ രേഖ നൽകേണ്ടതുണ്ട്.
വിട്ടുെകാടുക്കുന്ന ഭൂമിക്ക് കുറഞ്ഞ തുക നൽകുന്നതിനാൽ അതിനെതിരെ പരാതി നൽകാതിരിക്കാനാണ് രേഖകൾ കൈമാറാത്തത്. അതിനിടെ, വിവിധ ജില്ലകളിൽ ഭൂമിയുടെ സർവേ അടക്കമുള്ള രേഖകളുമായി വന്ന് നഷ്ടപരിഹാര തുക കൈപ്പറ്റണമെന്ന് ഗെയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വില്ലേജ് ഒാഫിസുകളിൽ അന്വേഷിക്കുേമ്പാൾ ഇത്തരം യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന മറുപടിയാണ് കിട്ടുന്നത്. ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ഗെയിൽ നേരിട്ട് ചെയ്യാൻ ശ്രമിക്കുന്നത്.
വില്ലേജ് ഒാഫിസുകൾ മുഖേന കോമ്പിറ്റൻറ് അതോറിറ്റി തയാറാക്കിയ ഭൂരേഖ ചോദിക്കുേമ്പാൾ കൃത്യമായ മറുപടിയുമില്ല. ഭൂരേഖ കിട്ടാത്തതിനാൽ കുറഞ്ഞ നഷ്ടപരിഹാരം വാങ്ങിയവർക്ക് നിയമനടപടി സ്വീകരിക്കാനാകാത്ത സാഹചര്യവുമുണ്ട്. 2015ൽ പരിഷ്കരിച്ച ഭൂമിയുടെ വിപണിവില കൂട്ടിനൽകുമെന്ന നിലപാടുമായും ഗെയിൽ രംഗത്തുവന്നിട്ടുമുണ്ട്.
എന്നാൽ, 1962ലെ പെട്രോളിയം ആൻഡ് മിനറൽസ് ആക്ട് അനുസരിച്ച് പദ്ധതിക്ക് തുടക്കമിട്ട വർഷത്തെ വിപണിവില ലഭിക്കാനേ നിയമസാധുതയുള്ളൂ. ഇത് അനുസരിച്ച് 2012ലെ വിപണിവിലയേ ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.