കൊച്ചിയിൽ മരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് കാവലിൽ സംസ്‌കരിച്ചു
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് വീണുമരിച്ച യുവാവിന്റെ മൃതദേഹം പയ്യാവൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിൽ കട്ടത്തറയിൽ മനുവിന്റെ (34) മൃതദേഹമാണ് സംസ്കരിച്ചത്. യുവാവിന്റെ സ്വവർഗ പങ്കാളിയുൾപ്പെടെ എല്‍.ജി.ബി.ടി.ക്യു.ഐ.എ കമ്യൂണിറ്റിയിൽപെട്ട അഞ്ചുപേര്‍ സംസ്‌കാരച്ചടങ്ങില്‍ പൊലീസ് കാവലിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളി സ്വദേശിയായ സ്വവർഗ പങ്കാളിക്ക് ഹൈകോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. കഴിഞ്ഞ മൂന്നിന് കളമശ്ശേരിയിലെ ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് നാലാം തീയതിയാണ് മരിച്ചത്. ഇതോടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്, ആറുവര്‍ഷമായി ഒന്നിച്ചുതാമസിക്കുന്ന യുവാവ് രംഗത്തുവന്നു.
എന്നാല്‍, രക്തബന്ധത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവാവ് ഹൈകോടതിയെ സമീപിച്ചെങ്കിലും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചു. അതേസമയം, കൂടെ താമസിച്ച യുവാവിന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും വിധിച്ചു. ഇക്കാര്യം, മരിച്ച യുവാവിന്റെ സഹോദരന്‍ അംഗീകരിച്ചു.
വെള്ളിയാഴ്ച രാവിലെ മൃതദേഹം ചന്ദനക്കാംപാറയിലെ വീട്ടിലെത്തിച്ചു. കോടതിയെ സമീപിച്ച യുവാവും ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളും ഒരു യുവതിയും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.