ആർഭാട വിവാഹ വിവാദം: തെറ്റ് ചെയ്തിട്ടില്ലെന്ന് എം.എൽ.എയുടെ വിശദീകരണം
text_fieldsതൃശൂര്‍: മകളുടെ ആർഭാട വിവാഹവുമായി ബന്ധപ്പെട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സി.പി.െഎയുടെ നാട്ടിക എം.എൽ.എ ഗീത ഗോപി പാർട്ടിക്ക് വിശദീകരണം നൽകി. ഇതിനിടെ, ഗീത ഗോപിയെ പരോക്ഷമായി ന്യായീകരിച്ച് മുതിർന്ന നേതാവും എം.പിയുമായ സി.എൻ. ജയദേവൻ രംഗത്തുവന്നതിനെച്ചൊല്ലിയും സി.പി.ഐയിൽ തർക്കം ഉടലെടുത്തു.
വിവാദത്തിൽ ഗീത ഗോപി എം.എൽ.എക്കെതിരെ ഒരാഴ്ചക്കകം നടപടിയുണ്ടാവുമെന്നാണ് സൂചന. ശാസനയോ താക്കീതോ നല്കി പ്രശ്നം അവസാനിപ്പിക്കാനാവുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുേമ്പാൾ പാര്‍ട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് തരംതാഴ്ത്തൽ പോലുള്ള നടപടി വേണമെന്ന വാദവും ശക്തമാണ്. വിവാഹത്തിൽ ആർഭാടം ഉണ്ടായിട്ടില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് സഹായിച്ചതെന്നുമാണ് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജിന് എം.എൽ.എ നൽകിയ വിശദീകരണം. 50 പവൻ സ്വർണാഭരണമാണ് വില കൊടുത്ത് വാങ്ങിയത്. 25 പവൻ ബന്ധുക്കളും സുഹൃത്തുക്കളും നൽകി. അത്ര ആഭരണമേ അണിഞ്ഞിട്ടുള്ളൂ. ചടങ്ങുകൾ ലളിതമായിരുന്നു. സദ്യക്ക് വിഭവങ്ങൾ എത്തിച്ചത് ഉൾപ്പെടെ ബന്ധുക്കളാണ്. എല്ലാറ്റിനും കണക്കുണ്ടെന്നും എം.എൽ.എ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്.
ഇനം തിരിച്ച് ബില്ലുകളടങ്ങിയ കണക്കും വിശദീകരണത്തോടൊപ്പം നൽകിയിട്ടുണ്ട്. വിവാഹം വിവാദമാക്കിയപ്പോൾ മിശ്രവിവാഹമാണെന്ന സവിശേഷത മാധ്യമങ്ങൾ കാണാതെ പോയെന്നും എം.എൽ.എ പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. വിശദീകരണം ലഭിച്ചുവെന്നും പാർട്ടി ജില്ല കൗൺസിൽ ചർച്ച ചെയ്ത് തുടർനടപടി തീരുമാനിക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ വിവാദവും സംസ്ഥാന കമ്മിറ്റിയുടെ നിർദേശവും ചർച്ച ചെയ്തു.
വിശദീകരണക്കത്ത് ചർച്ച ചെയ്യാൻ ഉടൻ ജില്ല കൗൺസിൽ ചേരും. ഇതിനിടെ ജില്ലയിൽ പാർട്ടിയുടെ മുതിർന്ന നേതാവും എം.പിയുമായ സി.എൻ. ജയദേവൻ ഗീത ഗോപിയെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയത് പാർട്ടിക്ക് തലവേദനയായി. വ്യാഴാഴ്ച തൃശൂർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിലാണ് ജയദേവെൻറ പരാമർശങ്ങൾ ഉണ്ടായത്. സംസ്ഥാന സെക്രട്ടറി വരെ ഇടപെടുകയും എം.എൽ.എയോട് വിശദീകരണം തേടുകയും ചെയ്ത കാര്യത്തിൽ എം.പി ഇത്തരം അഭിപ്രായപ്രകടനം നടത്തിയത് പ്രതിഷേധാർഹമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം, കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ വ്യാഴാഴ്ച ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഗീത ഗോപി എം.എല്‍.എ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.