ലിംഗ സമത്വ പാഠ്യപദ്ധതി: കരടില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്
text_fieldsകോഴിക്കോട്: ലിംഗ സമത്വ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. പതിനാറാം അധ്യായത്തിന്റെ 'ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന തലക്കെട്ട് മാറ്റി 'ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാക്കി. 'ഇരിപ്പിട സമത്വ'മെന്ന ഭാഗവും ചർച്ചാ രേഖയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിഷയത്തിൽ സര്‍ക്കാരിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചക്കായി വെച്ച കരട് രേഖയിലാണ് മാറ്റം. എട്ട് പോയിന്റാണ് ചർച്ചക്കുണ്ടായിരുന്നത്. ഇതിലെ ഒന്നാമത്തെ ചര്‍ച്ചാ പോയന്റും വിവാദമായിരുന്നു. 'ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ എത്തിക്കാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് ' എന്നതായിരുന്നു ഒന്നാമത്തെ ചർച്ച പോയന്റ്.
ഇത് 'ഭരണഘടനയുടെ ആർട്ടിക്കിൾ 15 അനുസരിച്ച് മതം, ജാതി, ലിംഗം, വർണം, വർഗം, പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല. ആർട്ടിക്കിൾ 14 എല്ലാ തരത്തിലുമുള്ള സമത്വവം വിഭാവനം ചെയ്യുന്നു. നീതിയിലധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കിൽ എല്ലാത്തരത്തിലുമുള്ള നീതി ഉറപ്പാക്കണം. ഇതിൽ പ്രധാനമാണ് ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നായി തിരുത്തിയിട്ടുണ്ട്.
ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ഇതിനെതിരെ പ്രചരണവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.