'ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം?'; മുനീറിന് മറുപടിയുമായി മന്ത്രി ശിവൻ കുട്ടി
text_fieldsതിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് ശിവൻകുട്ടി ചോദിച്ചു. മുൻ മന്ത്രി അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണ്. ഇത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ജെൻഡർ ന്യൂട്രാലിറ്റിയുടെ കാലത്ത് പ്രായപൂർത്തിയായ പുരുഷൻ ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോക്സോ കേസെടുക്കുന്നത് എന്തിനാണെന്ന വിചിത്രവാദവുമായി എം.കെ. മുനീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ''മുതിർന്ന പുരുഷനും ആൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ പോക്സോ കേസെടുക്കുന്നത് എന്തിനാണ്. അത് ജെൻഡർ ന്യൂട്രാലിറ്റിയല്ലേ? അതിന്റെ പേരിലെന്തിനാണ് പോക്സോ കേസെടുക്കുന്നത്''-വിവാദ പ്രസംഗത്തിൽ മുനീർ ചോദിച്ചു. ജെൻഡർ ന്യൂട്രാലിറ്റി ദുരുപയോഗം ചെയ്യുമെന്നും ആൺകുട്ടികൾക്കുനേരെ പീഡനം ഉണ്ടാകുമെന്നും മുനീർ പറഞ്ഞു.
''ഭൂരിപക്ഷംവരുന്ന മതവിശ്വാസികൾക്കുനേരെയുള്ള വെല്ലുവിളിയാണ് ജെൻഡർ ന്യൂട്രാലിറ്റി. പാശ്ചാത്യ രാജ്യങ്ങൾ പോലും തള്ളിക്കളഞ്ഞ ആശയമാണിത്. ലിംഗനീതിയാണ് നടപ്പാക്കേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റിയല്ല. പൊലീസുകാർ തൊട്ട് ജഡ്ജിമാർക്കു മുന്നിൽവരെ സ്ത്രീകൾ നീതിക്കായി യാചിച്ചുനിൽക്കുന്ന നാടാണ് കേരളം. സെലിബ്രിറ്റികൾ പോലും നീതിക്കായി കാത്തുകിടക്കേണ്ടിവരുന്നു. പാന്റ്സും ഷർട്ടുമിട്ടാൽ അവർക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടോ''-മുനീർ ചോദിച്ചു.
ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ സംസാരിച്ചാൽ തന്നെ ഇസ്ലാമിസ്റ്റായി ചിത്രീകരിക്കുന്നു. എല്ലാ മതമൂല്യങ്ങൾക്കും എതിരാണ് ജെൻഡർ ന്യൂട്രാലിറ്റി. എല്ലാ മതങ്ങൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നത്. അതുകൊണ്ട് താൻ ഇസ്ലാമിസ്റ്റും ക്രിസ്ത്യാനിയും ഹിന്ദുവിസ്റ്റുമാണെന്ന് മുനീർ പറഞ്ഞു. ലിംഗാവബോധവും ലിംഗനീതിയുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് പരാമർശം വിവാദമായപ്പോൾ വിശദീകരണവുമായി മുനീർ രംഗത്തെത്തി. തന്റെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പോക്സോ കേസുകൾ നിലനിൽക്കണമെന്നുതന്നെയാണ് താൻ ഉദ്ദേശിച്ചതെന്നും ട്രാൻസ്ജെൻഡറുകൾക്കായി നിലകൊണ്ടയാളാണ് താനെന്നും മുനീർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.