വോട്ടർമാരുടെ ലിംഗാനുപാതം: കേരളം രണ്ടാമത്; വിദേശ വോട്ടർമാരിലും മുന്നിൽ
text_fieldsപാലക്കാട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീവോട്ടർമാരുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 51.56 ശതമാനമാണ്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. 1000 പുരുഷ വോട്ടർമാർക്ക് 946 സ്ത്രീ വോട്ടർമാർ എന്ന ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെ വോട്ടർമാരുടെ ലിംഗാനുപാതം. നിരന്തര പരിശ്രമങ്ങളിലൂടെയും സുസ്ഥിര ബോധവത്കരണ പരിപാടികളിലൂടെയുമാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത സ്ത്രീവോട്ടർമാരിൽ 71.86 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കേരളത്തിന്റെ ആകെ പോളിങ് ശതമാനമായ 72.04 ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശ വോട്ടർമാരുടെ രജിസ്ട്രേഷനിലും പോളിങ് ശതമാനത്തിലും കേരളം മുന്നിലെത്തി. കേരളത്തിൽ രജിസ്റ്റർ ചെയ്ത 89,839 വിദേശ വോട്ടർമാരിൽ 83,765 പുരുഷന്മാരും 6065 സ്ത്രീകളും ഒമ്പതു പേർ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവരുമാണ്. ഇന്ത്യയുടെ വിദേശ വോട്ടർമാരിൽ കൂടുതൽ കേരളത്തിൽ നിന്നുള്ളവരാണ്.
രാജ്യത്തുടനീളം 1,19,374 വിദേശ ഇലക്ടർമാർ രജിസ്റ്റർ ചെയ്തതിൽ 2958 പേർ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രോഗ്രാമിനു കീഴിലുള്ള ബോധവത്കരണ പരിപാടികൾ ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.