ഫാഷൻ ഗോൾഡ് തട്ടിപ്പ്: ജനറൽ മാനേജർ വീണ്ടും റിമാൻഡിൽ
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും കമ്പനി ജനറൽ മാനേജരുമായ പൂക്കോയ തങ്ങൾ ജയിലിൽ. കേസിൽ പുതുതായി വീണ്ടും പരാതി വന്നതിനെതുടർന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആദ്യഘട്ടത്തിലെ 168 പൊലീസ് കേസുകൾക്ക് പുറമെ 56 പുതിയ കേസുകൾ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ പൂക്കോയ തങ്ങൾ പ്രതിയാണ്. മറ്റു കേസുകളിൽകൂടി തങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയാൽ റിമാൻഡ് അനന്തമായി നീണ്ടേക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
ചെറുവത്തൂർ സ്വദേശി മുഹമ്മദ് കുഞ്ഞി നൽകിയ പരാതിയിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്, ക്രൈം നമ്പർ 8924 ആയി രജിസ്റ്റർ ചെയ്ത കേസിലാണ് പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തത്. 168 കേസാണ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്തത്.
ഇത്രയും കേസുകളുടെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പൊലീസ് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് 56 പരാതികൾ വീണ്ടും ഉയർന്നത്. 168 കേസുകളിൽ പരാതിക്കാർക്ക് അവരുടെ പണവും സ്വർണവും തിരികെ നൽകുന്നതിന്റെ ഭാഗമായി കണ്ടുകെട്ടൽ തുടങ്ങിയിരുന്നു. അതേസമയം പരാതി നൽകാതെ ഫാഷൻ ഗോൾഡ് മാനേജ്മെന്റുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയവരും ഉണ്ടായിരുന്നു. ഒത്തുതീർപ്പ് പാലിക്കാതെ വന്നപ്പോഴാണ് 56 പേർ പരാതിയുമായി വീണ്ടും അന്വേഷണസംഘത്തിന് മുന്നിൽ ചെന്നത്. ഇത് ക്രൈംബ്രാഞ്ച് നേരിട്ട് രജിസ്റ്റർ ചെയ്തു. കേസിൽ ഒന്നാം പ്രതി കമ്പനിയും രണ്ടാം പ്രതി ജനറൽ മാനേജരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.