സി.പി.ഐ പൊതുസമ്മേളനത്തിലേക്ക് ജനറൽ സെക്രട്ടറിക്ക് ക്ഷണമില്ല; 'ഞാൻ അറിഞ്ഞില്ലല്ലോ' എന്ന് പ്രതികരണം
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ കല്ലുകടി. ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയെ പൊതുസമ്മേളനത്തിലേക്ക് ക്ഷണിക്കാത്തത് വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. സമ്മേളനം നടന്ന ഗാന്ധി പാർക്കിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള തൈക്കാട് ഗവ. റസ്റ്റ്ഹൗസിൽ ഡി. രാജ ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന് പൊതുസമ്മേളനം സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.
കേന്ദ്ര കമ്മിറ്റിയംഗം അതുൽ കുമാർ അഞ്ജാനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന വിവരം രാജ അറിയുന്നത്. താൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയാണെന്ന അതുൽ കുമാർ അഞ്ജാന്‍റെ പ്രതികരണത്തിന് 'ഞാൻ അറിഞ്ഞില്ലല്ലോ' എന്നാണ് രാജ മറുപടി നൽകിയത്.
അതേസമയം, പൊതുസമ്മേളനത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ രാജ തയാറായിട്ടില്ല. എന്നാൽ, സമ്മേളനങ്ങൾ തലേന്നും പിറ്റേന്നും ആയത് കൊണ്ടാണ് ദേശീയ ജനറൽ സെക്രട്ടറിയെ ക്ഷണിക്കാതിരുന്നതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ഉദ്ഘാടന റാലിയുടെ വിശദാംശങ്ങൾ അറിഞ്ഞില്ലെന്നാണ് അനൗപചാരിക സംഭാഷണത്തിലെ രാജയുടെ പ്രതികരണം.
പാർട്ടി സംസ്ഥാന സമ്മേളനം അവസാനിക്കുന്ന ദിവസമാണ് സാധാരണ പൊതുസമ്മേളനം നടക്കുക. 2015 കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കേന്ദ്ര നേതാവും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ഗുരുദാസ് ഗാസ് ഗുപ്തയും 2018ലെ മലപ്പുറം സമ്മേളത്തിൽ എസ്. സുധാകർ റെഡ്ഡിയുമാണ് ഉദ്ഘാടനം ചെയ്തത്.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് തിരുവനന്തപുരം ടാഗോർ ഹാളിൽ ആരംഭിച്ചു. രാവിലെ മുതിർന്ന നേതാവ് സി. ദിവാകരൻ പതാക ഉയർത്തും. ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കും. തെരഞ്ഞെടുത്ത 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.