വി.എച്ച്.എസ്.ഇ അധ്യാപകരുടെയും ജീവനക്കാരുടെയും പൊതു സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നു
text_fieldsമലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിൽ വി.എച്ച്.എസ്.ഇ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പൊതുസ്ഥലം മാറ്റത്തിനുള്ള നടപടികൾ പൂർത്തിയായിട്ടും നടപ്പിലാക്കൽ അനിശ്ചിതമായി നീളുന്നതായി പരാതി. നവംബർ പത്തിനകം ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി സർക്കാർ അവഗണിക്കുകയാണ്.
ജീവനക്കാരും അധ്യാപകരുമടക്കം നൂറ് കണക്കിന് പേരാണ് ട്രാൻസ്ഫറിന് അപേക്ഷിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും അനിശ്ചിതമായി കാത്തിരിക്കുന്നത്. പരീക്ഷ അടുക്കുന്ന സമയങ്ങളിൽ ട്രാൻസ്ഫർ നടത്തുന്നത് വിദ്യാർഥികളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹയർസെക്കൻഡറി വിഭാഗം അധ്യാപകരുടെ ട്രാൻസ്ഫർ പൊതുപരീക്ഷയുടെ തലേന്ന് നടപ്പിലാക്കിയത് ഏറെ പരാതികൾക്ക് ഇടയാക്കിയതാണ്. ഈ വർഷം ജൂൺ 26ന് തന്നെ അന്തിമവേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈയിൽ ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബറിൽ കരട്‍ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതുവരെ ട്രാൻസ്ഫർ മാത്രം നടന്നില്ല. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞാണ് ട്രാൻസ്ഫർ വൈകുന്നതെന്നാണ് അനൗദ്യോഗിക വിവരം.
പൊതുതിരഞ്ഞെടുപ്പിൽ പോലും നിബന്ധനകൾക്ക് വിധേയമായി ട്രാൻസ്ഫർ അനുവദിക്കാറുള്ളതാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11 ലക്ഷത്തോളം പേരെ ബാധിക്കുന്ന ഡി.എ. സർക്കാർ അനുവദിച്ചപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബാധകമായിട്ടില്ലെന്നാണ് അധ്യാപകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.