തലമുറമാറ്റം സി.പി.എമ്മിലെ വൈരുധ്യവും നേരിടാൻ
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ പതാക ഉയരുമ്പോൾ തലമുറമാറ്റം എന്ന തലവാചകത്തിനപ്പുറം പാർട്ടിയുടെ സംഘടനാ ശരീരത്തിൽ കൂടിയാണ് അടിമുടി മാറ്റം സംഭവിക്കുന്നത്.
75 വയസ്സ് തികഞ്ഞവരെ സംസ്ഥാന സമിതി- സെക്രട്ടേറിയറ്റിൽനിന്ന് മാത്രമല്ല, പതിറ്റാണ്ടിലേറെയായി ബ്രാഞ്ച് മുതൽ ജില്ലതലം വരെ പ്രവർത്തിച്ചവരെ ഈ മാനദണ്ഡപ്രകാരം ഒഴിവാക്കിയാണ് 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഉണ്ടായ ഭരണത്തുടർച്ചയെന്ന യാഥാർഥ്യത്തെയും പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യുകയെന്ന വെല്ലുവിളിയാണ് സി.പി.എം നേരിടുന്നത്. ബൂർഷ്വാ സമൂഹങ്ങളിൽ സംഭവിക്കുന്നതുപോലെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിൽ വളർന്നുവന്ന വൈരുധ്യത്തെ മറികടക്കുക കൂടിയാണ് നേതൃത്വം 'നിർബന്ധിത' തലമുറമാറ്റത്തിലൂടെ.
പാർലമെൻററി വ്യാമോഹം ഇല്ലാതാക്കാൻകൂടിയാണ് ഈ മാറ്റമെന്ന് വിശദീകരിക്കുമ്പോഴും സംഘടനയിൽ ദൃശ്യമായ അധികാരവും പദവികളും ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരത്തെ ഒരളവുവരെ കുറക്കാനുള്ള നടപടി കൂടിയാണിത്.
ഓരോ അംഗത്തിന്റെയും പ്രവർത്തനവും പാരമ്പര്യവും കൂടി കണക്കിലെടുത്തുവേണം തലമുറമാറ്റം നടപ്പാക്കാനെന്നാണ് കേന്ദ്ര കമ്മിറ്റി പ്രായപരിധി നടപ്പാക്കുന്നതിൽ നൽകിയ നിർദേശത്തിന്റെ പൊരുൾ. എന്നാൽ, കേരളത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പാർലമെൻററി, സംഘടനാരംഗത്ത് പദവികളിൽ ഒരു വിഭാഗം തുടരുമ്പോൾ പുറത്തുനിൽക്കുന്ന കൂട്ടർ ഭരണത്തുടർച്ചയിൽ പാർട്ടിക്ക് വെല്ലുവിളിയായി മാറുകയാണ്.
അതുകൊണ്ടുതന്നെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ യാന്ത്രികമായി നടപ്പാക്കപ്പെടുന്ന ഒന്നാണ് തലമുറമാറ്റം. യുവത്വവും പരിചയസമ്പന്നമായവരുംകൂടി ചേർന്നുള്ള നേതൃത്വമാവും ഇനി പാർലമെൻററി, സംഘടനാരംഗത്ത് മുന്നിലുണ്ടാവുകയെന്ന് നേതൃത്വം പറയുമ്പോൾ പാർട്ടിക്ക് മുന്നിലുണ്ടായിരുന്ന 'തടസ്സങ്ങൾ' എത്ര വലുതായാലും അവയെ തള്ളിമാറ്റിയല്ലാതെ മുന്നോട്ടുപോക്ക് സാധ്യമാവില്ലെന്ന തിരിച്ചറിവുകൂടിയാണ് പ്രായോഗികമായി നടപ്പാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.