ജോർജ് കുര്യൻ മോദി മന്ത്രിസഭയിലെ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി
text_fieldsന്യൂഡൽഹി: തൃശൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ച സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മൂന്നാം മോദി സർക്കാറിൽ സഹ മന്ത്രിമാർ. കേരളത്തിലായിരുന്ന സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും വിളി വന്നതോടെ ഞായറാഴ്ച ഉച്ചക്കാണ് ഡൽഹിക്ക് പുറപ്പെട്ടത്. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ കാര്യം സുരേഷ് ഗോപി തന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഭാര്യ രാധികയും ഡൽഹിയിലെത്തി.
വിദ്യാർഥി കാലം മുതൽ സംഘ്പരിവാറുമായി ചേർന്ന് പ്രവർത്തിച്ച ജോർജ് കുര്യൻ മന്ത്രിസഭയിലെ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. നേരത്തെ, ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാനായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പായി നരേന്ദ്ര മോദിയുടെ ചായസൽക്കാരത്തിൽ പങ്കെടുത്തവരിൽ ജോർജ് കുര്യന്റെ ചിത്രവുമുണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹം മന്ത്രിയാകുമെന്ന വിവരം പുറത്തുവന്നത്. വിജയിച്ച എൻ.ഡി.എ എം.പിമാരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ആരും ഉണ്ടായിരുന്നില്ല.
ഇതോടെ മന്ത്രിസഭയിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മന്ത്രിമാർ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ദിനപത്രത്തിൽ ഞായറാഴ്ച വാർത്ത വന്നതോടെയാണ് ആദ്യം പട്ടികയിൽ ഉണ്ടാകാതിരുന്ന ജോർജ് കുര്യന്റെ പേര് പിന്നീട് ഉൾപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം മോദി മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന വി. മുരളീധരനും ഐ.ടി സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറും ആയിരുന്നു കേരളത്തിൽ നിന്നും ഉണ്ടായിരുന്നത്.
മുരളീധരൻ ആറ്റിങ്ങലിലും ചന്ദ്രശേഖരൻ തിരുവനന്തപുരത്തും മത്സരിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.