കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല; മാപ്പ് പറയണമെന്നും വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണം. ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽനിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.
കേരളത്തിന്‍റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജവമോ, ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുത്. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിന്‍റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിന്‍റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യന്‍റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുതെന്നും സതീശൻ വ്യക്തമാക്കി.
കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന വിമർശനങ്ങൾക്ക് മറുപടി പറയവേയാണ് ജോർജ് കുര്യന്‍റെ വിവാദ പരാമർശം. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ സഹായം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോ’. ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.