ലൗജിഹാദ് കേരളത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല; തിരുത്തി ജോർജ് എം തോമസ്
text_fieldsലൗജിഹാദ് ഉണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന തന്റെ അഭിമുഖം തെറ്റിദ്ധരിക്കാവുന്ന വിധത്തിലായിരുന്നുവെന്നും അങ്ങിനെ അത് അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നും മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസ്. ലൗ ജിഹാദ് ഇല്ലെന്ന് സർക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയതാണ്. പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകുക എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ലൗജിഹാദ് ഇല്ലെന്ന വസ്തുത നിലനിൽക്കെ അങ്ങിനെയൊന്നുണ്ടെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞുവെന്ന നിലയിൽ വാർത്തകൾ വന്നത് വലിയ വിമർശനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ശരിയായില്ലെന്ന് നിരവധിയാളുകളാണ് വിമർശനം ഉന്നയിച്ചത്. ആ വിമർശനങ്ങൾ ശരിയുമാണ്. കേരളത്തിൽ ലൗജിഹാദ് എന്നൊന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് ആർ.എസ്.എസ് സൃഷ്ടിയാണെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ഭാരവാഹി ഷെജിനും പങ്കാളി ജോയ്സനയും വിവാഹിതരായത് കോടഞ്ചേരിയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടിയും നടന്നു. ഈ സാഹചര്യത്തിലാണ് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ജോർജ് എം തോമസ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഷെജിന്റെ നടപടി സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടവരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൗജിഹാദ് യാഥാർഥ്യമാണെന്ന് പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് പിന്നീട് കാരണമായത്.
ജോർജ് എം തോമസിന്റെ ഈ പരാമർശങ്ങൾ തള്ളി ഡി.വൈ.എഫ്.ഐയും സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും സ്പീക്കർ എം.ബി രാജഷും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.