മോദിഭരണത്തിനെതിരെ വിശാല ബഹുജന പ്രക്ഷോഭത്തിന് തയാറാവുക -ആർ.എം.പി.ഐ
text_fieldsകോഴിക്കോട്: ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിയാവാൻ മോദിഭരണത്തിനെതിരെ വിശാല ബഹുജന ഐക്യവും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ ആഹ്വാനംചെയ്ത് ആർ.എം.പി.ഐയുടെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമ്മേളനത്തിന് സമാപനംകുറിച്ച് ആയിരങ്ങൾ പങ്കെടുത്ത ബഹുജനറാലിയും നൂറുകണക്കിന് റെഡ് വളന്റിയർമാർ പങ്കെടുത്ത മാർച്ചും നടന്നു.
അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് പൊട്ടിത്തെറിയുടെ സാഹചര്യമാണുണ്ടാക്കുന്നത്. അസമത്വം ഏറ്റവും ഉയർന്നനിലയിലെത്തി. ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ പൊതുവായും ന്യൂനപക്ഷങ്ങൾക്ക് വിശേഷിച്ചും നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജനാധിപത്യശക്തികളുടേയും വിശാല ഐക്യനിരയും ബഹുജന പ്രക്ഷോഭങ്ങളും ഉയരണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. അംബേദ്കർ ജന്മദിനമായ ഏപ്രിൽ 14 മുതൽ മേയ് ഒന്നുവരെ കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കും അത് പിന്തുടരുന്ന സംസ്ഥാന സർക്കാറുകൾക്കുമെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ഫെബ്രുവരി 23 മുതൽ നാലു ദിവസങ്ങളിലായിട്ടായിരുന്നു സമ്മേളനം. റാലി ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച് മാവൂർ റോഡ്, മാനാഞ്ചിറ വഴി മുതലക്കുളം മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ മംഗത് റാം പസ് ല, കെ. ഗംഗാധർ, ഹർ കൻവൽ സിങ്, എൻ. വേണു, കെ.എസ്. ഹരിഹരൻ, കെ.കെ. രമ എം.എൽ.എ, അഡ്വ. പി. കുമാരൻകുട്ടി, ചന്ദ്രൻ കുളങ്ങര സംസാരിച്ചു.
കെ. ഗംഗാധർ ചെയർമാൻ, മംഗത് റാംപസ് ല ജനറൽ സെക്രട്ടറി
കോഴിക്കോട്: ആർ.എം.പി.ഐ ദേശീയ ചെയർമാനായി കെ. ഗംഗാധറിനേയും (തമിഴ്നാട്), ജനറൽ സെക്രട്ടറിയായി മംഗത് റാം പസ് ലയേയും (പഞ്ചാബ്), ട്രഷററായി രാജേന്ദ്ര പരഞ്ജ് പേയേയും (മഹാരാഷ്ട്ര) തിരഞ്ഞെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി ഹർകൻ വൻസിങ്, കെ.എസ്. ഹരിഹരൻ എന്നിവരടങ്ങുന്ന 27 അംഗ കേന്ദ്ര കമ്മിറ്റിയേയും പി.ജെ. മോൺസി (കേരളം), ചെയർമാനായി മൂന്നംഗ കൺട്രോൾ കമീഷനേയും തിരഞ്ഞെടുത്തു. കേരളത്തിൽനിന്ന് കെ.കെ. രമ എം.എൽ.എ, എൻ. വേണു, ടി.എൽ. സന്തോഷ്, അഡ്വ. പി. കുമാരൻകുട്ടി എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.