സന്നിധാനത്ത് നെയ്ക്ഷാമം
text_fieldsശബരിമല: സന്നിധാനത്ത് പ്രസാദ നിർമാണത്തിനടക്കം നെയ് ക്ഷാമം രൂക്ഷമായി. ഇതോടെ പൊതുവിപണിയിൽനിന്ന് നെയ് വാങ്ങി ക്ഷാമം പരിഹരിച്ച് ദേവസ്വം ബോർഡ്.തോണിയിൽ നെയ് നിക്ഷേപിക്കുന്ന ഭക്തരുടെ എണ്ണം കുറഞ്ഞതും ദേവസ്വം കൗണ്ടറുകൾ വഴി ആടിയ ശിഷ്ടം നെയ്യുടെ വിൽപന വർധിച്ചതുമാണ് ക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയത്.
മണ്ഡലപൂജക്ക് നട തുറന്ന സമയത്ത് പ്ര സാദ നിർമാണത്തിനടക്കം 49,000 ലിറ്റർ നെയ് ബോർഡ് പൊതു വിപണിയിൽനിന്ന് വാങ്ങിയിരുന്നു. ഇതിൽ 14,000 ലിറ്റർ നെയ് നിലവിൽ സ്റ്റോക്കുണ്ട്. മുൻകാലങ്ങളിൽ ഭക്തർ മുദ്രയിൽ കൊണ്ടു വരുന്ന നെയ് ഉപയോഗിച്ചായിരുന്നു അപ്പം, അരവണ എന്നിവ പൂർണമായും നിർമിച്ചിരുന്നത്.
എന്നാൽ, അടുത്തിടെയായി മുദ്രയിൽ നിറച്ചുകൊണ്ടുവരുന്ന നെയ് തോണിയിൽ ഒഴിക്കാതെ അഭിഷേകം നടത്തി മുക്കാൽ ഭാഗവും തിരികെ ഭക്തർ കൊണ്ടുപോകുകയാണ്. ഇതോടെയാണ് മറ്റ് ആവശ്യങ്ങൾക്ക് നെയ് തികയാത്ത സാഹചര്യം ഉണ്ടായത്. കഴിഞ്ഞ നാലുവർഷമായി ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ സന്നിധാനത്തെ വിവിധ കൗണ്ടറുകളിൽക്കൂടി ആടിയ ശിഷ്ടം നെയ്യും വിൽപന നടത്തുന്നുണ്ട്. ഇതിന് ആവശ്യമായ നെയ്യും ഭക്തർ അർപ്പിക്കുന്ന നെയ്യിൽനിന്നുമാണ് എടുക്കുന്നത്. ഇതും നെയ്ക്ഷാമം രൂക്ഷമാക്കാൻ ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.