ഗുലാംനബിയെ കണ്ട് തിരുത്തൽപക്ഷം
text_fieldsന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദുമായി ജി23 പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചവാൻ എന്നിവരാണ് ഗുലാംനബിയെ ഡൽഹിയിലെ വസതിയിൽ ചെന്നുകണ്ടത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ, ഭാവി തന്ത്രങ്ങൾ ചർച്ചയായി. പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഗുലാംനബി. പാർട്ടി വിടുന്നതിനുമുമ്പ് തിരുത്തൽ വാദികളുടെ മുൻനിര നേതാവായിരുന്നു ഗുലാംനബി. പാർട്ടി വിട്ടശേഷം തിരുത്തൽപക്ഷ പ്രതിനിധികൾ അദ്ദേഹത്തെ കാണുന്നത് ആദ്യമാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് രാഹുൽ ഗാന്ധി പിന്മാറുകയും മറ്റൊരാളെ നിർത്തുകയും ചെയ്താൽ മത്സരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ കൂടുതൽ ഒതുക്കപ്പെടുമെന്ന് കരുതുന്ന തിരുത്തൽപക്ഷം, തങ്ങളുടെ നിലപാടുകളും നേതൃപരമായ വീഴ്ചകളും ഊന്നിപ്പറയാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. നെഹ്റുകുടുംബം പിന്മാറിയാൽ ശക്തമായ മത്സരത്തിന് വഴിയൊരുങ്ങുമെന്നും അവർ കരുതുന്നു. ഇതിന്‍റെ മുന്നൊരുക്കങ്ങളിൽ ഗുലാംനബിയുടെ അഭിപ്രായം തേടുകയാണ് ആനന്ദ് ശർമയും മറ്റും ചെയ്തത്. സോണിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും ഒരു വാക്ക് പറയാതെ രാജി വെച്ചത് എന്തുകൊണ്ടാണെന്ന് ആനന്ദ് ശർമയും മറ്റും ഗുലാംനബിയോട് ചോദിച്ചു. 'കൊട്ടാര ഉപജാപം' മൂലം തനിക്ക് തുടരാൻ വയ്യാത്തതായിരുന്നു സ്ഥിതിയെന്നാണ് ഗുലാംനബി നൽകിയ മറുപടി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായയുക്തവുമാകണമെന്ന് ഗുലാംനബിയെ കണ്ട ശേഷം പൃഥ്വിരാജ് ചവാൻ പറഞ്ഞു.
കശ്മീരിൽ 64 നേതാക്കൾ കോൺഗ്രസ് വിട്ടു
ജമ്മു: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിന് പിന്നാലെ ജമ്മു-കശ്മീരിൽ നേതാക്കളുടെ കൂട്ടരാജി. മുൻ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 64 മുതിർന്ന നേതാക്കൾ പാർട്ടിവിട്ടു. കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാചന്ദ്, മുൻമന്ത്രിമാരായ അബ്ദുൽ മജീദ് വാണി, മനോഹർലാൽ ശർമ, ഗുരുറാം, മുൻ എം.എൽ.എ ബൽവാൻ സിങ് എന്നിവരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച സോണിയ ഗാന്ധിക്ക് സംയുക്തമായി രാജി സമർപ്പിച്ചത്. കശ്മീരിന്റെ ശോഭനമായ ഭാവിക്ക് ആസാദിന്റെ ദീർഘവീക്ഷണവും നേതൃത്വവും അനിവാര്യമാണെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. കശ്മീരിനെ ശക്തിപ്പെടുത്താനായി ആയുസ്സും ആരോഗ്യവും സമർപ്പിച്ചിട്ടും തീർത്തും അവഗണിക്കപ്പെട്ടതായി ബൽവാൻ സിങ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 73കാരനായ ഗുലാം നബി പാർട്ടിയിൽനിന്ന് രാജിപ്രഖ്യാച്ചത്. കോൺഗ്രസ് നാശത്തിന്റെ പടുകുഴിയിലാണെന്നും പാർട്ടിയുടെ കൂടിയാലോചന സംവിധാനം പൂർണമായും നശിപ്പിച്ചതിന് ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കശ്മീർ ആസ്ഥാനമായി പുതിയ പാർട്ടി രൂപവത്കരിക്കാനാണ് ഗുലാം നബിയുടെ പദ്ധതിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.