മരുന്ന് എഴുതാൻ ഡോക്ടർമാർക്ക് സമ്മാനം: ശിക്ഷാനിയമം വേണമെന്ന ആവശ്യം ശക്തം
text_fieldsപാലക്കാട്: മരുന്നു വ്യവസായത്തിലെ നിയമലംഘനം തടയാൻ ശിക്ഷാർഹമായ വ്യവസ്ഥകളോടെ നിയമം വേണമെന്ന ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്‍റേറ്റിവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.എം.ആർ.എ.ഐ) അടക്കമുള്ള സംഘടനകൾ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
മരുന്നു കമ്പനികൾ ഹെൽത്ത് കെയർ പ്രൊഫഷനലുകൾ വഴി നടത്തുന്ന അനാശാസ്യ വിപണന രീതികൾ മരുന്നുകളുടെ അമിത കുറിപ്പടിക്കും വില വർധനക്കും കാരണമാകുന്നുവെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും കനത്ത ഭീഷണിയാണെന്നും എഫ്.എം.ആർ.എ.ഐ ചൂണ്ടിക്കാട്ടുന്നു. മരുന്നു കമ്പനികൾ വ്യാപാരം വർധിപ്പിക്കാനും അമിതവും യുക്തിരഹിതവുമായ മരുന്നുകൾ നിർദേശിക്കാനും ഉയർന്ന വിലയുള്ള ബ്രാൻഡുകൾക്കും വേണ്ടി ഡോക്ടർമാർക്ക് കൈക്കൂലി നൽകുന്നതായി ഹരജിയിൽ ആരോപിക്കുന്നു.
മരുന്നു കമ്പനികളിൽനിന്ന് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നത് തടയാൻ 2011 ജൂണിൽ കേന്ദ്ര സർക്കാർ യൂനിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസസ് (യു.സി.പി.എം.പി) കൊണ്ടുവന്നെങ്കിലും അത് ശിക്ഷാർഹമായ വ്യവസ്ഥകൾ ഇല്ലാത്ത വോളന്‍ററി കോഡ് ആയതിനാൽ ആരുമത് ഗൗനിച്ചില്ലെന്ന് എഫ്.എം.ആർ.എ.ഐ ചൂണ്ടിക്കാട്ടുന്നു.
അനാശാസ്യ വിപണന രീതികൾക്ക് കുറവ് ഉണ്ടാകുന്നില്ലെങ്കിൽ ശിക്ഷാർഹമായ വ്യവസ്ഥകളോടെ യൂനിഫോം കോഡ് നിർബന്ധമാക്കുമെന്ന് അന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കുറിപ്പടി എഴുതാൻ കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകുന്ന പ്രവണതയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. കോവിഡ്കാലത്ത് ഇത് കൂടുകയാണ് ചെയ്തത്. മരുന്നുവിലയുടെ ഏകദേശം 20 ശതമാനം സെയിൽസ് പ്രൊമോഷനാണ്.
വിൽപന വർധിപ്പിക്കാൻ കമ്പനികൾ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് നേരിട്ടോ അല്ലാതെയോ നൽകുന്ന ആനുകൂല്യങ്ങളും ഇതിലുൾപ്പെടുന്നു. 10-20 ശതമാനം ഡോക്ടർമാർ മാത്രമേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ)യുടെ ധാർമിക കോഡ് പിന്തുടരുന്നുള്ളൂ. വലിയൊരു വിഭാഗവും കമ്പനിയുടെ ഉൽപന്നങ്ങൾ നിർദേശിക്കാൻ പ്രോത്സാഹനങ്ങൾ സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നു.
അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് കമ്പനികൾ ഡോക്ടർമാരെ സ്പോൺസർ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തരം കോൺഫറൻസുകൾ വിദേശ ടൂർ പാക്കേജുകൾക്കുള്ള ഒരു മറ മാത്രമാണെന്ന് എഫ്.എം.ആർ.എ.ഐ പറയുന്നു. ഫാർമ കമ്പനികൾ ലക്ഷ്യമിടുന്ന ബിസിനസിലേക്ക് എത്താൻ തവണ വ്യവസ്ഥയിൽ കാർ വാങ്ങുന്നതിനുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾവരെ ഡോക്ടർമാർക്ക് ഓഫർ ചെയ്യപ്പെടുന്നതായും ഇത്തരം അനാശാസ്യ വിപണന രീതികൾ തടയാൻ ശിക്ഷാർഹമായ വ്യവസ്ഥകളോടെ പുതിയ നിയമം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.