ഓണ മത്സര വിജയികൾക്ക് മദ്യം സമ്മാനമായി നൽകിയാൽ പിടിവീഴും
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്.
മദ്യമോ മറ്റു ലഹരിവസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടി ചേർന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പരിശോധനക്ക് എക്സൈസിന് പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മദ്യം സമ്മാനമായി നൽകുമെന്നുകാട്ടി കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകൾ ചിലർ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടീസുകൾ കണ്ട് അനുകരിക്കരുതെന്നും എക്സൈസ് പറയുന്നു.
ചില ലൈസന്‍സുള്ള സ്ഥാപനങ്ങളിൽ ഓണത്തോടനുബന്ധിച്ച് മദ്യ ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകുന്നത് പരിശോധിക്കണമെന്ന് എക്സൈസ് കമീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഓണക്കാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള എക്സൈസിന്റെ സ്പെഷൽ ഡ്രൈവ് സെപ്റ്റംബർ അഞ്ചിന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.