ഡോക്ടർമാർക്ക് സമ്മാനം; തടയാൻ നിയമമില്ല
text_fieldsപാലക്കാട്: മരുന്നുകൾ കുറിക്കുന്നതിന് പ്രത്യുപകാരമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകുന്നത് തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘യൂനിഫോം കോഡ്’ ഫലം ചെയ്തില്ല. അധാർമിക വിപണന രീതി ഇല്ലായ്മ ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം 2011 ജൂണിൽ യൂനിഫോം ഫോർ ഫാർമ മാർക്കറ്റിങ് പ്രാക്ടീസസ് (യു.സി.പി.എം.പി) എന്ന പേരിൽ കൊണ്ടുവന്ന സംവിധാനം സ്വമേധയ പാലിക്കേണ്ടതായതിനാൽ പ്രയോജനമുണ്ടായില്ലെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
2015ൽ ഫാർമസിക്യൂട്ടിക്കൽ മന്ത്രാലയം യു.സി.പി.എം.പി പുതുക്കിയെങ്കിലും അതും വോളൻററി ആയിരുന്നു. ഇത് മരുന്നു കമ്പനികൾ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി കോഡാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 2015 സെപ്റ്റംബറിൽ അവശ്യവസ്തു നിയമത്തിെൻറ പിൻബലത്തോടെ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി മാർക്കറ്റിങ് കോഡ് നിർബന്ധമാക്കാൻ സർക്കാർ മാർഗനിർദേശം മുന്നോട്ടുവെച്ചു. എന്നാൽ മരുന്നു കമ്പനികളുടെയും അസോസിയേഷനുകളുടെയും കടുത്ത എതിർപ്പ് കാരണം നടപടികൾ മരവിപ്പിക്കുകയായിരുന്നു.
ഡോക്ടർമാരിൽ ഒരു വിഭാഗം ചില കമ്പനികളുടെ മരുന്ന് എഴുതാൻ പ്രോത്സാഹനം സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നതായി ആരോപണമുണ്ട്. കമ്പനികൾ പ്രത്യുപകാരമായി വിദേശ യാത്രകൾ സ്പോൺസർ ചെയ്യുകയും മൈക്രോവേവ് ഓവനുകൾ, സ്മാർട്ട് ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയ വിലയേറിയ സമ്മാനങ്ങൾ ഡോക്ടർമാർക്ക് നൽകുകയും ചെയ്യുന്നത് തുടരുകയാണ്. കാർ വാങ്ങുന്നതിനുള്ള തവണകൾ പോലുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ കുറിപ്പടികളുടെ ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ഡോക്ടർമാരെ കമ്പനികൾ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യപ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.